അറബിക്കടലില്‍ മാള്‍ട്ടയില്‍നിന്നുള്ള ചരക്കു കപ്പല്‍ തട്ടിക്കൊണ്ടുപോകാനുള്ള ശ്രമം ഇന്ത്യന്‍ നാവികസേനയുടെ അവസരോചിത ഇടപെടലിനെ തുടര്‍ന്ന് പരാജയപ്പെടുത്തി. 2017ന് ശേഷം അറബിക്കടലില്‍ നടന്ന സൊമാലിയന്‍ കടല്‍ക്കൊള്ളക്കാരുടെ ഏറ്റവും വലിയ തട്ടിക്കൊണ്ടുപോകാലാണ് ഇന്ത്യന്‍ നാവിക സേനയുടെ ഇടപെടലിനെ തുടര്‍ന്ന് തടുക്കാനായത്.
മാള്‍ട്ടയില്‍ നിന്ന് സൊമാലിയയിലേക്ക് പോയ എംവി റൂന്‍ ചരക്കുകപ്പലില്‍ നിന്ന് അപായ മുന്നറിയിപ്പ് ലഭിച്ചതിനേത്തുടര്‍ന്നാണ് അടിയന്തരമായി ഇന്ത്യന്‍ യുദ്ധക്കപ്പല്‍ ഇടപെടുകയും തട്ടിക്കൊണ്ടുപോകല്‍ ചെറുക്കകയും ചെയ്തത്. 18 പേരുണ്ടായിരുന്ന മാള്‍ട്ട ചരക്കുകപ്പലില്‍ നിന്ന് 14 ഡിസംബറിനാണ് അപായ സൂചന (മേയ്‌ഡേ മെസേജ്) യുകെഎംടിഒ പോര്‍ട്ടലില്‍ രജിസ്റ്ററാകുന്നത്. ആറ് പേരടങ്ങുന്ന അജ്ഞാത സംഘം കപ്പലില്‍ പ്രവേശിച്ചെന്നും നിയന്ത്രണമേറ്റെടുക്കാന്‍ ശ്രമിക്കുന്നുവെന്നുമായിരുന്നു സന്ദേശം.
അപകട സന്ദേശം പെട്രോളിങിന് അറബികടലിലുണ്ടായിരുന്ന ഇന്ത്യന്‍ നാവിക സംഘത്തിന് ലഭിച്ചതോടെ നാവിക സേനയുടെ മാരിടൈ പെട്രോള്‍ എയര്‍ക്രാഫ്റ്റും യുദ്ധകപ്പലും എംവി റൂന് സമീപത്തേക്ക് പാഞ്ഞെത്തുകയായിരുന്നു.
സൊമാലിയയിലേക്ക് പോവുന്ന കപ്പലിനു നേരെ ആക്രണമുണ്ടാവുകയും നിയന്ത്രണം നഷ്ടപ്പെടുകയും ചെയ്‌തെന്ന സന്ദേശം ലഭിച്ചതോടെ അടിയന്തരമായി ഇടപെട്ടെന്ന് നാവികസേന വൃത്തങ്ങള്‍ അറിയിച്ചു. ഇന്നു രാവിലെ കപ്പലിനരികിലെത്തിയ ഇന്ത്യന്‍ നാവിക സേന കപ്പല്‍ നിയന്ത്രണ വിധേയമാക്കിയെന്നാണ് ഒടുവില്‍ പുറത്തുവരുന്ന വിവരം. സൊമാലിയയിലേക്ക് നീങ്ങുന്ന കപ്പലിന് നിരീക്ഷണവും ഇതേതുടര്‍ന്ന് ഇന്ത്യന്‍ നാവിക സേന നല്‍കിയിട്ടുണ്ട്.
ഇന്ത്യന്‍ മഹാസമുദ്രത്തിലേയും ഗള്‍ഫ് ഏദനിലേയും സമുദ്രമേഖലയില്‍ സൊമാലിയന്‍ കടല്‍ക്കൊള്ളക്കാരുടെ ആക്രമണം വിവിധ രാജ്യങ്ങളുടെ ഇടപെടലിനെ തുടര്‍ന്നാണ് കുറഞ്ഞുവന്നിരിക്കുന്നത്. 2017ന് ശേഷം കപ്പല്‍ കൊള്ളയടിക്കാനും തട്ടിക്കൊണ്ടുപോകാനുമുള്ള പൈറേറ്റ്‌സിന്റെ ഭാഗത്ത് നിന്നുണ്ടായ ഏറ്റവും വലിയ ശ്രമമായാണ് മാള്‍ട്ടാ ചരക്ക് കപ്പലിന് നേരെയുള്ള ആക്രമണത്തെ കാണുന്നത്. സൊമാലിയയ്ക്ക് സമീപമുള്ള അറബി കടലിലൂടെ യാത്ര ചെയ്യുമ്പോള്‍ ജാഗ്രത പാലിക്കണമെന്ന് യുകെ മറൈന്‍ സംവിധാനവും കപ്പലുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്.