ഉക്രൈനില്‍ സൈന്യത്തിന്റെ വെടിയേറ്റ ഇന്ത്യന്‍ വിദ്യാര്‍ത്ഥി ഹര്‍ജ്യോത് സിംഗിനെ ഇന്ത്യയിലെത്തിച്ചു. പോളണ്ടില്‍ നിന്നുള്ള ഇന്ത്യന്‍ സംഘത്തിനൊപ്പമാണ് ഹര്‍ജോത് മടങ്ങിയെത്തിയത്. വ്യോമസേനയുടെ വിമാനത്തില്‍ ഡല്‍ഹിയിലെത്തിയ ഹര്‍ജോതിനെ ആര്‍ആര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഫെബ്രുവരി 27ന് റഷ്യന്‍ ആക്രമണം രൂക്ഷമായ കീവില്‍നിന്നും ലെവിവിലേക്കു രക്ഷപ്പെടുന്നതിന്നിടയിലാണ് ഹര്‍ജ്യോത് സിംഗിന് വെടിയേറ്റത്. കീവില്‍ ഇദ്ദേഹത്തെ ശസ്ത്രക്രിയക്ക് വിധേയനാക്കിയിരുന്നു.
ഉക്രൈനിയന്‍ തലസ്ഥാന നഗരമായ കീവിലെ ആശുപത്രിയില്‍ സുഖം പ്രാപിക്കുന്ന ഹര്‍ജ്യോതിന്റെ ചികിത്സ ചെലവ് കേന്ദ്ര സര്‍ക്കാര്‍ വഹിക്കുമെന്ന് വിദേശ കാര്യമന്ത്രാലയം കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
മുമ്പ് ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ക്കെതിരെ ഹര്‍ജ്യോത് രംഗത്ത് വന്നിരുന്നു. ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥരുടേത് വെറും പൊള്ളയായ വാക്കുകളാണെന്നും തന്നെ സഹായിച്ചില്ലെന്നും പറഞ്ഞിരുന്നു. കൂടാതെ അദ്ദേഹത്തിന്റെ സുരക്ഷയില്‍ ആശങ്കയറിയിച്ച് കുടുംബവും രംഗത്ത് വന്നിരുന്നു.