റഷ്യയുടെ ആക്രമണം കൂടുതല്‍ ശക്തമാകുന്ന സാഹചര്യത്തില്‍ ഇന്ത്യക്കാര്‍ ഇന്ന് തന്നെ കീവ് വിടണമെന്ന നിര്‍ദ്ദേശവുമായി ഇന്ത്യന്‍ എംബസി. ട്രെയിനോ അല്ലെങ്കില്‍ ലഭ്യമാകുന്ന മറ്റു യാത്രാമാര്‍ഗങ്ങളോ ഉപയോഗിച്ച് എത്രയും പെട്ടെന്ന് കീവില്‍ നിന്ന് മാറാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
ഖേഴ്‌സന്‍ നഗരം പൂര്‍ണമായും റഷ്യ പിടിച്ചെടുത്തു. കീവ് പിടിച്ചടക്കാനുള്ള റഷ്യയുടെ നീക്കത്തെ തുടര്‍ന്ന് സ്ഥിതിഗതികള്‍ രൂക്ഷമാകുമെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് കീവില്‍ നിന്നൊഴിയാന്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്.
അതേസമയം, ഇന്ത്യക്കാരെ എത്രയും പെട്ടെന്ന് മടക്കി എത്തിക്കാനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍. രക്ഷാദൗത്യ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും വിദ്യാര്‍ത്ഥികളെ സഹായിക്കുന്നതിനുമായി കേന്ദ്ര മന്ത്രിമാര്‍ ഉക്രൈന്‍ അതിര്‍ത്തിയിലേക്ക് പോകും.റൊമേനിയ, മാള്‍ഡോവ എന്നിവിടങ്ങള്‍ ജ്യോതിരാദിത്യ സിന്ധ്യ സന്ദര്‍ശിക്കും. സ്ലോവാക്യയിലേക്ക് കിരണ്‍ റിജ്ജുവും ഹംഗറിയിലേക്ക് ഹര്‍ദീപ് സിംഗ് പുരിയും പോകും. പോളണ്ടിലെ രക്ഷാദൗത്യത്തിന്റെ ചുമതല വികെ സിംഗിനാണ്.