കർഷകരുടെ പ്രതിഷേധത്തെ പിന്തുണച്ച പോപ്പ് താരം റിഹാനയുടെ ട്വീറ്റിന് ശേഷം ഉണ്ടായ “ഇന്ത്യാവിരുദ്ധ പ്രചാരണ”ത്തിൽ പ്രതികരണവുമായി സച്ചിൻ തെണ്ടുൽക്കർ. ഇന്ത്യക്കാരാണ് ഇന്ത്യയ്ക്കായി തീരുമാനമെടുക്കേണ്ടതെന്നും രാജ്യത്തിന്റെ പരമാധികാരത്തിൽ വിട്ടുവീഴ്ച ചെയ്യാൻ കഴിയില്ലെന്നും സച്ചിൻ പറഞ്ഞു.
“ഇന്ത്യയുടെ പരമാധികാരത്തിൽ വിട്ടുവീഴ്ച ചെയ്യാൻ കഴിയില്ല. ബാഹ്യശക്തികൾക്ക് കാഴ്ചക്കാരാകാം, പക്ഷേ പങ്കാളികളാകാൻ കഴിയില്ല. ഇന്ത്യക്കാർക്ക് ഇന്ത്യയെ അറിയാം, ഇന്ത്യയ്ക്കായി തീരുമാനമെടുക്കാം. ഒരു രാഷ്ട്രമെന്ന നിലയിൽ നമുക്ക് ഐക്യത്തോടെ തുടരാം,” സച്ചിൻ ട്വീറ്റ് ചെയ്തു. ഇന്ത്യടുഗെതർ, ഇന്ത്യഎഗൈൻസ്റ്പ്രോപഗണ്ട എന്നീ ഹാഷ്‌ടാഗുകളും ട്വീറ്റിൽ ഉപയോഗിച്ചു.
റിഹാനയും, കാലാവസ്ഥാ പ്രവർത്തക ഗ്രെറ്റ തൻബെർഗും, യു.എസിൽ നിന്നും യു.കെയിൽ നിന്നുമുള്ള നിരവധി രാഷ്ട്രീയ നേതാക്കളും മറ്റ് സെലിബ്രിറ്റികളും കർഷകരുടെ പ്രതിഷേധത്തെ പിന്തുണച്ച് തങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തിയിരുന്നു. ഇതേ തുടർന്ന് ബോളിവുഡ് താരങ്ങളും കേന്ദ്ര മന്ത്രിമാരും ഉൾപ്പെടെയുള്ളവർ കേന്ദ്ര സർക്കാരിന്റെ നിലപാട് പങ്കുവെച്ചു കൊണ്ട് രംഗത്തെത്തി. ഈ നിരയിൽ ഒടുവിലായി തന്റെ അഭിപ്രയം ട്വീറ്റ് ചെയ്ത വ്യക്തിയാണ് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കർ.