ഇന്ത്യന്‍ മണ്ണില്‍ ലഷ്‌കര്‍ ഇ ത്വയ്ബയുടെ പ്രാദേശിക സംഘമായ റെസിസ്റ്റന്‍സ് ഫ്രണ്ട് നടത്തിയ കൂട്ടക്കുരുതിയ്ക്ക് രാജ്യം തിരിച്ചടി നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത്ഷായും ആവര്‍ത്തിച്ചിരുന്നു. ഇതിന് പിന്നാലെ പാകിസ്ഥാന്‍ അതിര്‍ത്തികളില്‍ നിന്ന് സൈന്യത്തെയും ജനങ്ങളെയും ഒഴിപ്പിച്ചതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
പാകിസ്ഥാന്റെ ചിന്തകള്‍ക്കും അപ്പുറമായിരിക്കും രാജ്യം നല്‍കുന്ന പ്രഹരമെന്നാണ് വിലയിരുത്തലുകള്‍. ഭീകര സംഘടനയ്‌ക്കെതിരെ സൈന്യം നടത്തുന്ന പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കശ്മീരില്‍ ഇതോടകം ശക്തമാക്കിയിട്ടുണ്ട്. എന്നാല്‍ സൈനിക തലത്തിലുള്ള പ്രത്യാക്രമണത്തേക്കാള്‍ പാകിസ്ഥാന് ഇന്ത്യ നല്‍കുന്ന തിരിച്ചടി നയതന്ത്ര തലത്തിലാകുമെന്നാണ് വിലയിരുത്തലുകള്‍.
തീവ്രവാദവും അഴിമതിയും കൊടുംപിരികൊണ്ട് നില്‍ക്കുന്ന പാകിസ്ഥാനില്‍ ബലൂചിസ്ഥാന്‍ വാദികളുടെ തുടരെയുള്ള ആക്രമണവും കടുത്ത സാമ്പത്തിക മാന്ദ്യവും ദാരിദ്ര്യവുമാണ് നിലവില്‍ പാകിസ്ഥാനിലെ സാഹചര്യം. ഇതിനിടയില്‍ ഇന്ത്യയിലുണ്ടായ കൂട്ടക്കുരുതിയ്ക്ക് പിന്നാലെ പാകിസ്ഥാന്‍ തീവ്ര വാദികളെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്.
ആക്രമണത്തിന് പിന്നാലെ പാകിസ്ഥാനുമായുള്ള എല്ലാ നയതന്ത്ര ബന്ധങ്ങളും വിഛേദിച്ചേക്കുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിട്ടുള്ളത്. ഇന്ത്യയിലെ പാക് ഹൈക്കമ്മിഷനിലെ ഉദ്യോഗസ്ഥരെ പുറത്താക്കും. പാക് നയതന്ത്ര കാര്യാലയത്തിന് നല്‍കിയ ഭൂമി തിരികെ വാങ്ങും. പാകിസ്ഥാനിലെ നയതന്ത്ര കാര്യാലയത്തിന്റെ പ്രവര്‍ത്തനം അവസാനിപ്പിക്കുക എന്നീ നീക്കങ്ങള്‍ക്കാണ് ഇന്ത്യ പ്രഥമ പരിഗണന നല്‍കുക.
പാകിസ്ഥാന്‍ പൗരന്മാര്‍ക്ക് ഇന്ത്യയിലേക്ക് അനുവദിച്ചിരുന്ന വിസകള്‍ റദ്ദാക്കും. ഇന്ത്യയില്‍ നിന്ന് പാകിസ്ഥാനിലേക്കുള്ള യാത്രകള്‍ക്ക് വിലക്കേര്‍പ്പെടുത്താനും തീരുമാനമായിട്ടുണ്ട്. ഇന്ത്യാ- പാകിസ്ഥാന്‍ അതിര്‍ത്തിയില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള സഞ്ചാരത്തിനായി തുറന്ന കര്‍ത്താര്‍പുര്‍ ഇടനാഴി അടയ്ക്കുമെന്നാണ് പ്രതിരോധ വൃത്തങ്ങളെ ഉദ്ദരിച്ച് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
പാകിസ്ഥാനുമായുള്ള നേരിട്ടുള്ളതും അല്ലാത്തതുമായ എല്ലാ വ്യാപാരങ്ങളും അനിശ്ചിത കാലത്തേക്ക് നിര്‍ത്തിവെയ്ക്കും. പാകിസ്ഥാനില്‍ നിന്ന് മറ്റൊരു രാജ്യം വഴി ഇന്ത്യയിലേക്കുള്ള ഇറക്കുമതികളും നിരോധിക്കും. ഇതുകൂടാതെ വാഗ, ഹുസൈന്‍വാല, ആര്‍എസ് പുര അതിര്‍ത്തികല്‍ നടക്കാറുള്ള പതാക താഴ്ത്തല്‍, ബീറ്റിങ് റീട്രീറ്റ് ചടങ്ങുകള്‍ അവസാനിപ്പിക്കും.
പാക്സ്ഥാനുമായുള്ള സിന്ധുനദീജല കരാറില്‍ നിന്ന് പിന്മാറിയേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇത് പാകിസ്ഥാനിലെ കൃഷിയെ സാരമായി ബാധിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. നയതന്ത്ര പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നതിനിടയിലും ഇന്ത്യയില്‍ നിന്നാണ് പാകിസ്ഥാന്‍ പ്രധാനമായും പെട്രോളിയം ഉത്പന്നങ്ങളും വിവിധ മെഡിസിനുകളും ഉള്‍പ്പെടെ ഇറക്കുമതി ചെയ്തിരുന്നത്.
ഇവ കൂടാതെ സ്മാര്‍ട്ട് ഫോണുകള്‍, കാര്‍ഷികോത്പന്നങ്ങള്‍, പഞ്ചസാര, സുഗന്ധദ്രവ്യങ്ങള്‍, പഴങ്ങള്‍, ധാന്യങ്ങള്‍ തുടങ്ങി പാകിസ്ഥാന്റെ ദൈനംദിന ആവശ്യങ്ങള്‍ക്ക് ഉള്‍പ്പെടെയുള്ള വിവിധ ഉത്പന്നങ്ങള്‍ ഇന്ത്യയാണ് നല്‍കി വരുന്നത്. ഇത്തരത്തില്‍ കയറ്റി അയച്ചിരുന്ന ഉത്പന്നങ്ങളെല്ലാം ഇന്ത്യ നിറുത്തലാക്കിയേക്കും.
Read more
അതായത് ഇന്ത്യയില്‍ നടന്ന ഭീകരാക്രമണത്തെ തുടര്‍ന്ന് നിറുത്തലാക്കുന്ന നയതന്ത്ര വ്യാപാര ബന്ധങ്ങള്‍ പാകിസ്ഥാനിലെ സ്ഥിതിയെ വളരെ മോശമായി ബാധിക്കുമെന്നാണ് വിലയിരുത്തലുകള്‍. പാകിസ്ഥാനില്‍ മുന്നോട്ടുള്ള ദിവസങ്ങളില്‍ വിലക്കയറ്റത്തിനും കരിഞ്ചന്തയ്ക്കും സാമ്പത്തിക അരക്ഷിതാവസ്ഥയ്ക്കും വഴിയൊരുക്കുന്നതാണ് ഇന്ത്യയുടെ നിലപാട്.