ഇലക്‌ടറൽ ബോണ്ട് കേസിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പ്രസിദ്ധീകരിച്ച വിവരങ്ങൾ അപൂർണമാണെന്ന് സുപ്രീംകോടതി. ഇതുസംബന്ധിച്ച് എസ്‌ബിഐക്ക് നോട്ടീസ് അയച്ച കോടതി, പ്രസിദ്ധീകരിച്ച രേഖകളിൽ എന്തുകൊണ്ട് സീരിയൽ നമ്പറുകൾ ഇല്ലെന്ന് ചോദിച്ചു. നോട്ടീസിന് എസ്ബിഐ തിങ്കളാഴ്ചക്കുള്ളിൽ മറുപടി നൽകണം. കേസ് തിങ്കളാഴ്ച വീണ്ടും പരിഗണിക്കുമെന്നും സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
ആരാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് വേണ്ടി ഹാജരായിരിക്കുന്നതെന്നു ചോദിച്ചുകൊണ്ടായിരുന്നു ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെ വിമർശം. ‘അവർ ബോണ്ട് നമ്പറുകള്‍ വെളിപ്പെടുത്തിയിട്ടില്ല. ഇത് വെളിപ്പെടുത്താന്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ബാധ്യസ്ഥരാണ്,’ ചീഫ് ജസ്റ്റിസ് പറഞ്ഞു.
ചീഫ് ജസ്റ്റിസിന് പുറമെ ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ബിആർ ഗവായ്, ജെബി പർദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ സമർപ്പിച്ച ഹർജി പരിഗണിച്ചത്. സീല്‍ഡ് കവറില്‍ നല്‍കിയ രേഖകള്‍ തിരികെ നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് കമ്മീഷന്‍ കോടതിയെ സമീപിച്ചത്.
ഇന്ന് കമ്മീഷൻ വിവരം പരസ്യപ്പെടുത്തണമെന്ന നിർദ്ദേശമിരിക്കെ ഇന്നലെ രാത്രിയോടെ കമ്മീഷൻ വിവരങ്ങൾ പുറത്തുവിടുകയായിരുന്നു. എന്നാൽ ഇതിൽ ബോണ്ടുകളുടെ സീരിയൽ നമ്പറുകൾ ഒഴിവാക്കിയതാണ് ഇന്ന് വീണ്ടും കോടതിയിൽ ഉന്നയിക്കപ്പെട്ടത്. മാര്‍ച്ച് 12നാണ് ഇലക്ടറല്‍ ബോണ്ട് വിവരങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മീഷന് സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ കൈമാറിയത്.