പഹല്‍ഗാമിലേത് സുരക്ഷ വീഴ്ച?; ഒരാഴ്ച മുമ്പേ ഇന്റലിജന്‍സ് വിഭാഗം നല്‍കിയ മുന്നറിയിപ്പ് അവഗണിച്ചു?; പ്രദേശവാസികളല്ലാത്തവരെ ആക്രമിക്കാന്‍ ഒരു തീവ്രവാദ സംഘം പദ്ധതിയിടുന്നുണ്ടെന്ന് രഹസ്യാന്വേഷണ ഏജന്‍സി അറിയിച്ചിരുന്നു

പ്രദേശവാസികളല്ലാത്തവരെ’ ആക്രമിക്കാന്‍ ഒരു തീവ്രവാദ സംഘം പദ്ധതിയിടുന്നുണ്ടെന്നും ഒരു ഐഇഡി ആക്രമണത്തിന് സാധ്യതയുണ്ടെന്നും രഹസ്യാന്വേഷണ ഏജന്‍സികള്‍ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്നാണ് പുറത്തുവരുന്ന വിവരം. ഇന്റലിജന്‍സ് വൃത്തങ്ങളില്‍ നിന്ന് കിട്ടിയ വിവരം ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ചൊവ്വാഴ്ച ജമ്മുകശ്മീരിലെ പഹല്‍ഗാമില്‍ 26 പേര്‍ കൊല്ലപ്പെട്ട സംഭവത്തിന് ദിവസങ്ങള്‍ മുമ്പ് തന്നെ പാക് അധീന കശ്മീരിലെ ഒരു ഭീകരസംഘം ആക്രമണത്തിന് മുതിരുമെന്നതിന്റെ സൂചന രഹസ്യാന്വേഷണ വിഭാഗത്തിന് കിട്ടിയിരുന്നുവെന്നാണ് വിവരം.

സംഭവത്തിന് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ്, പാക് അധീന കശ്മീരിലെ ഒരു തീവ്രവാദി, ആക്രമണത്തെക്കുറിച്ച് സൂചന നല്‍കുന്ന ഒരു പരാമര്‍ശം നടത്തിയിരുന്നതായാണ് ഒരു ഇന്റലിജന്‍സ് വൃത്തങ്ങളെ ഉദ്ദരിച്ചു ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. രഹസ്യാന്വേഷണ വിഭാഗത്തിന്റെ അറിയിപ്പ് ലഭിച്ചിട്ടും ഇന്റലിജന്‍സും ആഭ്യന്തര സുരക്ഷാ വിഭാഗവും അതിനനുസരിച്ച് ആക്രമണം ചെറുക്കുന്നതിനുള്ള നടപടിയെടുക്കുന്നതില്‍ പരാജയപ്പെട്ടുവെന്നാണ് പഹല്‍ഗാം സംഭവം ചൂണ്ടിക്കാണിക്കുന്നത്. പഹല്‍ഗാമില്‍ വലിയ സുരക്ഷ വീഴ്ച ഉണ്ടായി എന്ന ആക്ഷേപം ഇതോടെ ശക്തമാവുകയാണ്.

പാക് അധീന കശ്മീരിലും പാകിസ്ഥാനിലും ആസ്ഥാനമായുള്ള അന്താരാഷ്ട്ര ഭീകരര്‍ തത്സമയം തീവ്രവാദികള്‍ക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കിയിരുന്നതായും റിപ്പോര്‍ട്ടുണ്ട്. ആക്രമണത്തില്‍ ഉള്‍പ്പെട്ട തീവ്രവാദികള്‍ക്ക് ആയുധങ്ങള്‍ ഉപയോഗിക്കുന്നതില്‍ മികച്ച പരിശീലനം ലഭിച്ചിരുന്നുവെന്ന് ഇന്റലിജന്‍സ് വിഭാഗം പറയുന്നു. ഒപ്പം വിനോദസഞ്ചാരികളുടെ ഒഴുക്ക് കൂടുതലുള്ള സുരക്ഷാ സേനയുടെ വിന്യാസം കുറവുള്ള ജനപ്രിയ വിനോദസഞ്ചാര കേന്ദ്രങ്ങളായ പ്രദേശങ്ങളെക്കുറിച്ചുള്ള വിശദമായ നിരീക്ഷണ റിപ്പോര്‍ട്ടുകളും ഭീകരര്‍ക്ക് ലഭിച്ചിരുന്നുവെന്നും ആക്രമണത്തില്‍ നിന്ന് വ്യക്തമാകുന്നുണ്ടെന്ന് ഇന്റലിജന്‍സ് വൃത്തങ്ങള്‍ പറഞ്ഞു.

വിനോദസഞ്ചാരികളുടെ കൂട്ടക്കൊല പകര്‍ത്താനും ദൃശ്യങ്ങള്‍ അവരുടെ ഭീകര സംഘടന മേധാവികള്‍ക്ക് കൈമാറാനും ഉദ്ദേശിച്ചുള്ള ഹെല്‍മെറ്റ് ഘടിപ്പിച്ച ക്യാമറകള്‍ ആക്രമണകാരികളുടെ കൈവശമുണ്ടായിരുന്നതായി ഇന്റലിജന്‍സ് വൃത്തങ്ങള്‍ വ്യക്തമാക്കി. അതേസമയം, ഭീകരാക്രമണത്തില്‍ പങ്കുണ്ടെന്ന് സംശയിക്കുന്ന മൂന്ന് പേരുടെ രേഖാചിത്രങ്ങള്‍ സുരക്ഷാ ഏജന്‍സികള്‍ ബുധനാഴ്ച പുറത്തുവിട്ടിട്ടുണ്ട്.

മൂസ, യൂനുസ്, ആസിഫ് എന്നീ കോഡ് നാമങ്ങളുള്ള ആസിഫ് ഫൗജി, സുലൈമാന്‍ ഷാ, അബു തല്‍ഹ എന്നിവരാണ് ആക്രമണം നടത്തിയവരിലെ മൂന്ന് പേര്‍ എന്ന് തിരിച്ചറിഞ്ഞിട്ടുമുണ്ട്. പൂഞ്ചിലെ ഭീകര പ്രവര്‍ത്തനങ്ങളുമായ ബന്ധപ്പെട്ട സംഭവങ്ങളിലും ഇവര്‍ക്ക് പങ്കുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. പാകിസ്ഥാന്‍ ആസ്ഥാനമായുള്ള നിരോധിത ലഷ്‌കര്‍-ഇ-തൊയ്ബ ഭീകര സംഘടനയുടെ നിഴല്‍ സംഘടനയായ റെസിസ്റ്റന്‍സ് ഫ്രണ്ട് (ടിആര്‍എഫ്) ചൊവ്വാഴ്ച ഉച്ചയ്ക്ക് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു.

പാകിസ്ഥാന്‍ ആസ്ഥാനമായുള്ള നിരോധിത ഭീകര സംഘടനയായ ലഷ്‌കര്‍-ഇ-തൊയ്ബയുടെ (എല്‍ഇടി) സീനിയര്‍ കമാന്‍ഡറായ ഖാലിദ് എന്നറിയപ്പെടുന്ന സൈഫുള്ള കസൂരിയാണ് കൂട്ടക്കൊലയുടെ മുഖ്യസൂത്രധാരനെന്ന് രഹസ്യാന്വേഷണ ഏജന്‍സികള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. പാകിസ്ഥാനിലെ ഗുജ്റന്‍വാല നഗരത്തില്‍ നിന്നാണ് സൈഫുള്ള ഖാലിദ് പ്രവര്‍ത്തിക്കുന്നതെന്നും വിവരമുണ്ട്.

ബുധനാഴ്ച കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സുരക്ഷാ അവലോകന യോഗത്തില്‍ ലെഫ്റ്റനന്റ് ഗവര്‍ണറും പങ്കെടുത്തു. രാജ്യം ഭീകരതയ്ക്ക് വഴങ്ങില്ലെന്നും വിനോദസഞ്ചാരികളുടെ കൊലപാതകത്തിന് ഉത്തരവാദികളായവരെ വെറുതെ വിടില്ലെന്നും അമിത് ഷാ പറഞ്ഞു. സര്‍ക്കാര്‍ സര്‍വ്വകക്ഷി യോഗം വിളിച്ചു ചേര്‍ക്കാനും തീരുമാനിച്ചിട്ടുണ്ട്.

Read more