പെഹല്‍ഗാം ആക്രമണത്തിന് പിന്നില്‍ ഇന്റലിജന്‍സ് പരാജയവും സുരക്ഷ വീഴ്ചയും; ആരോപണവുമായി കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി രംഗത്ത്

ജമ്മു കശ്മീരിലെ പെഹല്‍ഗാമിലുണ്ടായ ഭീകരാക്രമണത്തിന് സഹായകരമായ ഇന്റലിജന്‍സ് പരാജയവും സുരക്ഷ വീഴ്ചയും വിശകലനം ചെയ്യണമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി. ഭീകരാക്രമണത്തിന് പിന്നാലെ സര്‍വകക്ഷി യോഗം നടക്കുന്നതിന് മുമ്പാണ് ഡല്‍ഹിയിലെ ആസ്ഥാനത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം നടന്നത്.

പാകിസ്ഥാനെതിരെയും പ്രവര്‍ത്തക സമിതിയില്‍ രൂക്ഷ വിമര്‍ശനം ഉന്നയിച്ചു. പാകിസ്ഥാന്‍ പെഹല്‍ഗാം ഭീകരാക്രമണത്തിന്റെ ബുദ്ധികേന്ദ്രമാണെന്നായിരുന്നു പ്രവര്‍ത്തക സമിതിയുടെ വിലയിരുത്തല്‍. പാകിസ്ഥാന്‍ ബുദ്ധി കേന്ദ്രമായി നടപ്പിലാക്കിയ കൗശലപൂര്‍വമായി നടത്തിയ ആക്രമണം നമ്മുടെ റിപ്പബ്ലിക്കിന്റെ മൂല്യങ്ങള്‍ക്ക് നേരെ നടത്തിയ നേരിട്ടുള്ള ആക്രമണമാണെന്നും കോണ്‍ഗ്രസ് വിലയിരുത്തി.

ഹിന്ദുക്കളെ ലക്ഷ്യമിട്ടതിന് പിന്നില്‍ രാജ്യത്ത് വൈകാരികത ഇളക്കിവിടുന്നതിന് വേണ്ടി ബോധപൂര്‍വം സൃഷ്ടിച്ചതാണെന്നും കോണ്‍ഗ്രസ് ആരോപിച്ചു. ത്രിതല സുരക്ഷ സംവിധാനങ്ങളാല്‍ സുരക്ഷിതമായ ഒരു പ്രദേശമായാണ് പഹല്‍ഗാം അറിയപ്പെടുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയം നേരിട്ടുള്ള പരിധിയിലുള്ള പ്രദേശത്ത് ഇങ്ങനെയൊരു ആക്രമണം നടക്കാന്‍ സഹായകരമായ ഇന്റലിജന്‍സ് പരാജയം, സുരക്ഷാ വീഴ്ച എന്നിവയില്‍ സമഗ്രമായ വിശകലനം നടത്തണം.

വലിയ പൊതുതാല്‍പര്യം മുന്‍നിര്‍ത്തിയാണ് ഈ ചോദ്യങ്ങള്‍ ഉന്നയിക്കുന്നത്. ഈയൊരു വഴിയിലൂടെ മാത്രമേ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് നീതി ലഭ്യമാക്കാന്‍ കഴിയൂവെന്നും പ്രവര്‍ത്തക സമിതി പ്രമേയത്തില്‍ പറയുന്നു.

Read more