വണ്‍ ഇന്ത്യ വണ്‍ ടാക്‌സ് അംഗീകരിക്കില്ലെന്ന് വ്യക്തമാക്കി ബംഗളൂരു റൂട്ടില്‍ ഓടുന്ന അന്തര്‍സംസ്ഥാന ബസുകള്‍ തമിഴ്‌നാട് തടയുന്നതിനെതിരെ പ്രതിഷേധം ശക്തം. കേരളത്തില്‍ നിന്നും ബെംഗളൂരുവിലേക്ക് സര്‍വീസ് നടത്തുന്ന പല ബസുകളും ഇന്ന് സര്‍വീസ് വെട്ടിച്ചുരിക്കി. ഇതോടെ ആയിരക്കണക്കിന് യാത്രക്കാരാണ് ദുരിതത്തിലായത്. എന്നാല്‍, തമിഴ്‌നാട് സര്‍ക്കാരിന്റെ ഏകാധിപത്യ പ്രവണതക്കെതിരെ പ്രതികരിക്കാന്‍ കേരളത്തിലെ മോട്ടോര്‍ വാഹനവകുപ്പ് തയാറായിട്ടില്ല.
ബംഗളൂരു റൂട്ടില്‍ ഓടുന്ന അന്തര്‍സംസ്ഥാന ബസുകള്‍ തമിഴ്‌നാട് എംവിഡി കഴിഞ്ഞ ദിവസം മുതല്‍ തടഞ്ഞിട്ടിരുന്നു. കേരളത്തില്‍ നിന്നും എത്തുന്ന ബസുകള്‍ തമിഴ്‌നാട് നാഗര്‍കോവില്‍ ഭാഗത്തുവെച്ചാണ് തടയുന്നത്.
കഴിഞ്ഞദിവസം കേരളത്തില്‍ നിന്ന് തമിഴ്‌നാട്ടിലേക്കുള്ള അന്തര്‍ സംസ്ഥാന ബസ് സര്‍വീസുകള്‍ വ്യാപകമായി റദ്ദാക്കിയത് യാത്രക്കാരെ ബുദ്ധിമുട്ടിലാക്കിയിരുന്നു. ബസുകളുടെ നികുതിയുമായി ബന്ധപ്പെട്ട തമിഴ്‌നാട് മോട്ടോര്‍ വാഹന വകുപ്പിന്റെ കടുത്ത നിലപാട് കാരണമാണ് സര്‍വീസ് റദ്ദാക്കേണ്ടി വന്നതെന്ന് ബസ് ഉടമകള്‍ പറയുന്നു.
ഇന്നലെ അര്‍ധരാത്രിയും യാത്രക്കാരെ ബസില്‍നിന്ന് ഇറക്കിവിട്ടു. വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ നിരവധി മലയാളികളാണ് ഭൂരിഭാഗം യാത്രക്കാരും. മറ്റ് ഏതെങ്കിലും ബസില്‍ യാത്ര തുടരാനാണ് തമിഴ്‌നാട് എംവിഡി ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടത്.
വണ്‍ ഇന്ത്യ വണ്‍ ടാക്‌സ് പദ്ധതി പ്രകാരം നികുതി അടച്ചതാണെന്നും എന്നാല്‍ ഇതു തമിഴ്‌നാട് മോട്ടര്‍ വാഹന വകുപ്പ് അംഗീകരിക്കുന്നില്ലെന്നും ആണ് സംസ്ഥാനത്തെ ബസ് ഉടമകളുടെ വാദം.
തമിഴ്‌നാട്ടില്‍ റജിസ്റ്റര്‍ ചെയ്യാത്ത വാഹനങ്ങള്‍ക്ക് ഉയര്‍ന്ന നികുതി വേണമെന്ന് നിലപാടെടുത്തതോടെയാണ് സര്‍വീസുകള്‍ നിര്‍ത്തിവയ്‌ക്കേണ്ടി വന്നതെന്നും ബസ് ഉടമകള്‍ വിശദീകരിച്ചു. ഇതിനു പിന്നാലെയാണ് ഇന്ന് ബസുകള്‍ അതിര്‍ത്തികളില്‍ തഞ്ഞിട്ടത്. തമിഴ്‌നാടിന്റെ ഇത്തരത്തിലുള്ള പ്രവര്‍ത്തിക്കെതിരെ കേരളത്തിലും കര്‍ണാടകത്തിലും പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.