അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ക്കുള്ള വിലക്ക് നീക്കി. കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ താല്‍കാലികമായി നിര്‍ത്തിവച്ച സര്‍വീസുകളാണ് വീണ്ടും പുനരാരംഭിക്കുന്നത്. മാര്‍ച്ച് 27 മുതല്‍ സര്‍വീസുകള്‍ തുടങ്ങുമെന്ന് വ്യോമയാന മന്ത്രാലയം അറിയിച്ചു. നിലവില്‍ എയര്‍ ബബിള്‍ സംവിധാനം ഏര്‍പ്പെടുത്തി പ്രത്യേക സര്‍വീസുകള്‍ മാത്രമാണ് നടത്തിയിരുന്നത്.
രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് വീണ്ടും വിമാന സര്‍വീസുകള്‍ പഴയപടിയാകുന്നത്. 2020 മാര്‍ച്ച് 23 നാണ് കോവിഡ് വ്യാപനം കണക്കിലെടുത്ത് സര്‍വീസുകള്‍ നിര്‍ത്തി വച്ചത്. നിലവില്‍ ലോകമെമ്പാടും കോവിഡ് വ്യാപന തോത് കുറഞ്ഞതും,വാക്‌സിനേഷനും കണക്കിലെടുത്താണ് വിലക്ക് നീക്കാന്‍ തീരുമാനിച്ചത്.
സര്‍വീസ് പുനരാരംഭിക്കുന്നതോടെ എയര്‍ ബബിള്‍ ക്രമീകരണങ്ങള്‍ റദ്ദാക്കുന്നതായി സിവില്‍ ഏവിയേഷന്‍ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ അറിയിച്ചു.2020 ജൂലൈ മുതല്‍ ഇന്ത്യയ്ക്കും 37 രാജ്യങ്ങള്‍ക്കും ഇടയില്‍ പ്രത്യേക അന്താരാഷ്ട്ര വിമാനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നു.
അതേസമയം അന്താരാഷ്ട്ര യാത്രകള്‍ക്കായി ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കുന്നത് തുടരുമെന്ന് വ്യോമയാന മന്ത്രാലയം അറിയിച്ചു.