ആര്യൻ ഖാൻ ഉൾപ്പെട്ട മയക്കുമരുന്ന് കേസിന്റെ അന്വേഷണത്തിന് നേതൃത്വം നൽകുന്ന എൻസിബി ഉദ്യോഗസ്ഥനായ സമീർ വാങ്കഡെയെ അന്വേഷണ സംഘത്തിൽ നിന്ന് ഒഴിവാക്കി. കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് 8 കോടി രൂപ പ്രതിഫലം ആവശ്യപെട്ടെന്ന ആരോപണവും പണം അപഹരിക്കല്‍ ആരോപണവും സമീർ വാങ്കഡെ നേരിട്ടിരുന്നു.
മുതിർന്ന പൊലീസ് ഓഫീസർ സഞ്ജയ് സിംഗിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം ആര്യൻ ഖാൻ കേസും സമീർ വാങ്കഡെ കൈകാര്യം ചെയ്തിരുന്ന മറ്റ് നാല് കേസുകളും ഏറ്റെടുക്കും.
മഹാരാഷ്ട്ര മന്ത്രി നവാബ് മാലിക്കിൽ നിന്നും, അതിലും പ്രധാനമായി, ആര്യൻ ഖാൻ കേസിലെ എൻസിബി സാക്ഷിയായ പ്രഭാകർ സെയിലിൽ നിന്നുമുള്ള ആരോപണങ്ങൾ, സമീർ വാങ്കഡെയുടെ സർവീസ് റെക്കോർഡും കേസുകൾ കൈകാര്യം ചെയ്യുന്ന രീതിയും ചോദ്യം ചെയ്യപ്പെടുന്നതിന് കാരണമായി. ഇതേ തുടർന്ന് സമീർ വാങ്കഡെ വലിയ വിവാദത്തിന്റെ കേന്ദ്രമായി മാറിയിരുന്നു.
കഴിഞ്ഞയാഴ്ച, സമീർ വാങ്കഡെക്കെതിരെയുള്ള വിമർശനങ്ങൾക്കിടെ സൂക്ഷ്മപരിശോധന നടത്തിയ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ “കുററമില്ലാത്ത സേവന റെക്കോർഡ്” ഉദ്ധരിച്ച് മുതിർന്ന ഉദ്യോഗസ്ഥനെ പരസ്യമായി പിന്തുണച്ചിരുന്നു. അതേസമയം, സമീർ വാങ്കഡെക്കെതിരെ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ജ്ഞാനേശ്വർ സിംഗിന്റെ നേതൃത്വത്തിൽ ഏജൻസി ആഭ്യന്തര അന്വേഷണവും ആരംഭിച്ചു.