കര്‍ണാടക ക്ഷണിച്ച അതിഥിയെ കേന്ദ്ര സര്‍ക്കാര്‍ വിമാനത്താവളത്തില്‍ തടഞ്ഞു; 24 മണിക്കൂറിന് ശേഷം ലണ്ടനിലേക്ക് കയറ്റിവിട്ടു; രൂക്ഷവിമര്‍ശനവുമായി നിതാഷ

കര്‍ണാടക സര്‍ക്കാരിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുക്കാനെത്തിയെ ഇന്ത്യന്‍ വംശജയായ കവിയും യുകെ വെസ്റ്റ്മിനിസ്റ്റര്‍ സര്‍വകലാശാല പ്രഫസറുമായ നിതാഷ കൗളിനെ വിമാനത്താവളത്തില്‍ തടഞ്ഞ് വെച്ച ശേഷം തിരിച്ചയച്ചു. സിദ്ധരാമയ്യ സര്‍ക്കാരിന്റെ നേതൃത്വത്തില്‍ നടത്തിയ ഭരണഘടനാ കണ്‍വന്‍ഷനില്‍ പങ്കെടുക്കാനെത്തിതായിരുന്നു ഇവര്‍.

ബെംഗളൂരു വിമാനത്താവളത്തില്‍ നിന്നും പുറത്തിറങ്ങാന്‍ പോലും എമിഗ്രേഷന്‍ വിഭാഗം സമ്മതിച്ചില്ല. തുടര്‍ന്ന് മണിക്കൂറുകള്‍ക്ക് ശേഷം ഇവരെ ലണ്ടനിലേക്ക് തിരിച്ചയക്കുകയായിരുന്നു. ആര്‍എസ്എസിനെയും തീവ്രഹിന്ദു സംഘടനകളെയും നിശിതമായി വിമര്‍ശിക്കുന്നതിന്റെ പേരിലാണ് നിതാഷ കൗളിനെതിരെയുള്ള നടപടിയെന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.

സാമൂഹിക ക്ഷേമ വകുപ്പ് ബെംഗളൂരുവില്‍ സംഘടിപ്പിച്ച ഭരണഘടന ദേശീയ ഐക്യ കണ്‍വന്‍ഷനില്‍ ജനാധിപത്യ മൂല്യങ്ങളെക്കുറിച്ചു പ്രസംഗിക്കാന്‍ എത്തിയതായിരുന്നു അവര്‍. ഓവര്‍സീസ് സിറ്റിസണ്‍ ഓഫ് ഇന്ത്യ (ഒസിഐ) കാര്‍ഡ് ഉള്‍പ്പെടെയുള്ള തിരിച്ചറിയല്‍ രേഖകള്‍ കാണിച്ചിട്ടും ബെംഗളൂരുവില്‍ പ്രവേശിക്കാന്‍ അധികൃതര്‍ അനുവദിച്ചില്ലെന്ന് ഇവര്‍ ലണ്ടനില്‍ ചെന്ന് ഇറങ്ങിയ ശേഷം എക്‌സില്‍ കുറിച്ചു.

ബെംഗളൂരു വിമാനത്താവളത്തില്‍ ഇറങ്ങുന്നതു വരെ ഇന്ത്യയില്‍ ഇത്തരത്തില്‍ വിലക്കുള്ള കാര്യം തന്നെ അറിയിച്ചിരുന്നില്ല. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം തന്റെ വാക്കുകളെയും പേനയെയും എന്തിനാണു ഭയക്കുന്നതെന്ന് നിതാഷ കൗള്‍ ചോദിച്ചു.

Read more

കര്‍ണാടക സര്‍ക്കാരിന്റെ പ്രത്യേക ക്ഷണിതാവായ തന്നെ കേന്ദ്രസര്‍ക്കാര്‍ കാരണം കൂടാതെ വിലക്കുന്നത് എങ്ങനെയാണ്. ഡല്‍ഹിയില്‍ നിന്നുള്ള ഉത്തരവു പാലിക്കുക മാത്രമാണെന്നാണ് എമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ തന്നോട് പറഞ്ഞ്. ലണ്ടനില്‍ നിന്നു 12 മണിക്കൂര്‍ യാത്ര ചെയ്തു വന്നെ തന്നെ കിടക്കാന്‍ തലയിണയോ കുടിക്കാന്‍ വെള്ളമോ നല്‍കാതെ മണിക്കൂറുകളോളം തടഞ്ഞുവച്ചു. ലണ്ടനിലേക്ക് മടക്ക വിമാനത്തിനായി 24 മണിക്കൂര്‍ പിന്നെയും വിമാനത്താവളത്തില്‍ കാത്തിരിക്കേണ്ടി വന്നതായും ഇവര്‍ ആരോപിച്ചു.