ഐപിഎസുകാരിയായ ഭാര്യ, എസ്‌ഐയായ കാമുകി; എസ്പിയുടെ ആത്മഹത്യ ശ്രമം ഒടുവില്‍ ജയിലിലെത്തിച്ചു

ലിവ് ഇന്‍ പങ്കാളിയെ ആക്രമിച്ച ശേഷം ജീവനൊടുക്കാന്‍ ശ്രമിച്ച ഐപിഎസ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍. കര്‍ണാടകയിലെ ഐപിഎസ് ഉദ്യോഗസ്ഥനും തമിഴ്‌നാട് സ്വദേശിയുമായ എം അരുണ്‍ രംഗരാജന്‍ ആണ് കേസില്‍ അറസ്റ്റിലായത്. ഗോബിച്ചെട്ടിപ്പാളയം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ അറസ്റ്റിലായ അരുണ്‍ രംഗരാജനെ കോടതി റിമാന്റ് ചെയ്തു.

കര്‍ണാടക പൊലീസിലെ മുന്‍ വനിത എസ്‌ഐയായ സുജാതയെയാണ് അരുണ്‍ രംഗരാജന്‍ ആക്രമിച്ചത്. സുജാതയുമായി ലിവ് ഇന്‍ റിലേഷനിലായിരുന്നു പ്രതി അരുണ്‍. ഛത്തീസ്ഗഢ് കേഡര്‍ ഐപിഎസ് ഉദ്യോഗസ്ഥനായിരുന്ന അരുണ്‍ രംഗരാജന്റെ ആദ്യ ഭാര്യ അതേ കേഡറില്‍ ഐപിഎസ് ഉദ്യോഗസ്ഥയായിരുന്ന ഇളാകിയ ആയിരുന്നു.

സുജാതയുമായുള്ള അരുണ്‍ രംഗരാജന്റെ ബന്ധം പുറത്തായതോടെയാണ് ഇളാകിയ വിവാഹമോചനം നേടിയത്. ഈ ബന്ധത്തില്‍ അരുണിന് രണ്ട് കുട്ടികളുമുണ്ട്. സുജാതയുടെ ഭര്‍ത്താവ് കണ്ഡപ്പയും കര്‍ണാടക പൊലീസിലെ ഇന്‍സ്‌പെക്ടറായിരുന്നു. ഐപിഎസ് ഉദ്യോഗസ്ഥനുമായി ഭാര്യയ്ക്ക് അടുപ്പമുണ്ടെന്ന് അറിഞ്ഞതിനെ തുടര്‍ന്ന് കണ്ഡപ്പ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കിയിരുന്നു.

ഇതിന് പിന്നാലെ സുജാതയും ഭര്‍ത്താവ് കണ്ഡപ്പയില്‍ നിന്ന് വിവാഹമോചനം നേടി. തുടര്‍ന്ന് അരുണ്‍ രംഗരാജനും സുജാതയും ഒരുമിച്ചായിരുന്നു താമസം. തുടര്‍ന്ന് ഇരുവര്‍ക്കുമിടയില്‍ പ്രശ്‌നങ്ങള്‍ ആരംഭിച്ചു. പിന്നാലെ ഫെബ്രുവരി മുതല്‍ സുജാത മാറി താമസിക്കുകയായിരുന്നു. തമിഴ്‌നാട്ടിലെ ക്ഷേത്ര ദര്‍ശനത്തിനിടെ അരുണ്‍ സുജാതയെ ഉപദ്രവിച്ചതാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കം.

തുടര്‍ന്ന് പ്രശ്‌നങ്ങള്‍ ഒത്തുതീര്‍പ്പാക്കി ഇരുവരും ഗോബിച്ചെട്ടിപ്പാളയത്ത് വീണ്ടും ഒരുമിച്ച് താമസം ആരംഭിച്ചു. ഇവിടെ വച്ചും അരുണ്‍ സുജാതയെ ആക്രമിച്ചതോടെ സുജാത പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് അരുണ്‍ രംഗരാജനെ സര്‍വീസില്‍ നിന്ന് സസ്‌പെന്റ് ചെയ്തു. സംഭവത്തിന് പിന്നാലെ അരുണ്‍ മാതാപിതാക്കളോടൊപ്പം താമസമാക്കി.

ഇതിനിടെ കഴിഞ്ഞ ഞായറാഴ്ച അുണിനൊപ്പം താമസിക്കാന്‍ സുജാത വീണ്ടുമെത്തി. തുടര്‍ന്ന് ബുധനാഴ്ച ഇരുവരും തമ്മിലുണ്ടായ തര്‍ക്കത്തിനൊടുവില്‍ സുജാതയെ അരുണ്‍ കമ്പി വടി കൊണ്ട് ആക്രമിക്കുകയായിരുന്നു. രക്ഷപ്പെട്ടോടിയ സുജാത വിവരം പൊലീസില്‍ അറിയിച്ചു. എന്നാല്‍ പൊലീസ് സ്ഥലത്തെത്തുമ്പോഴേക്കും അരുണ്‍ വീടിന് തീ കൊളുത്തി വാതില്‍ പൂട്ടിയിരുന്നു. ജീവനൊടുക്കാനുള്ള അരുണിന്റെ ശ്രമത്തെ പൊലീസ് പണിപ്പെട്ട് തടയുകയായിരുന്നു.