അതുല്യ രാഘവന്‍
“”ഒരാള്‍ ജനങ്ങള്‍ക്കും സമൂഹത്തിനും രാജ്യത്തിനും വല്ലതും ചെയ്താല്‍ അയാളെ ടാര്‍ഗറ്റ് ചെയ്യുകയാണോ ചെയ്യേണ്ടത്? ദുരന്തം സംഭവിച്ച് വരുന്ന ഒരാളുടെ ജീവന്‍ രക്ഷിക്കാന്‍ ശ്രമിക്കുന്നത് ഈ നാട്ടില്‍ കുറ്റകൃത്യമാണോ? ഡല്‍ഹി കലാപ സമയത്ത് എനിക്ക് വളരെ അധികം മാധ്യമ ശ്രദ്ധ ലഭിച്ചിരുന്നു, അത് മൂലം സര്‍ക്കാരിന്റെ നിരവധി പരാജയങ്ങള്‍ വെളിച്ചത്ത് വന്നു. ഇത് ഡല്‍ഹി പൊലീസിന്റെ ഇമേജിന് കൂടുതല്‍ കോട്ടം തട്ടിക്കുകയും ചെയ്തു. എന്നാല്‍ ഇപ്പോള്‍, മാധ്യമ ശ്രദ്ധ ലഭിക്കുന്നതിനെ ഞാന്‍ ഭയക്കുന്നു””
ഡല്‍ഹി വംശഹത്യയില്‍ നിരവധി പേരുടെ ജീവന്‍ രക്ഷിച്ച മുസ്തഫാബാദിലെ അല്‍ ഹിന്ദ് ആശുപത്രിയിലെ ഡോക്ടര്‍ മുഹമ്മദ് ഇഹ്തിസാം അന്‍വറിൻറെ വാക്കുകളാണിത്. ഭരണകൂട ഭീകരതയുടെ മറ്റൊരു ഇര കൂടിയാണ് ഡോക്ടര്‍ മുഹമ്മദ് ഇഹ്തിസാം ഇപ്പോൾ. പൗരത്വ വിരുദ്ധ സമരങ്ങളുടെ മുൻനിരയിലുണ്ടായിരുന്ന വിദ്യാർത്ഥി നേതാക്കളെയും ആക്ടിവിസ്റ്റുകളെയുമൊക്കെ ബിജെപി സർക്കാർ രാജ്യദ്രോഹ കുറ്റങ്ങളും യുഎപിഎ തുടങ്ങിയ ഭീകര നിയമങ്ങളും ചാർത്തി ജയിലിലിട്ടു കൊണ്ടേയിരിക്കുകയാണ്. നിരവധി ചെറുപ്പക്കാർ ഇപ്പോഴും ജയിലിൽ തുടരുന്നു. ഈ കോവിഡ് കാലത്തും സംഘ് പരിവാർ അതിന്റെ മുസ്‌ലിം വേട്ട എന്ന രാഷ്ട്രീയ അജണ്ട തുടർന്നു കൊണ്ടിരിക്കുമ്പോഴാണ്, ആ പട്ടികയിലേക്കാണ് ഡോക്ടര്‍ മുഹമ്മദ് ഇഹ്തിസാം അന്‍വർ കൂടി കടന്നു വരുന്നത്.
കഴിഞ്ഞ ഫെബ്രുവരി 23-ന് നോര്‍ത്ത് ഈസ്റ്റ് ഡല്‍ഹിയില്‍ നടന്ന കലാപത്തില്‍ 20-കാരനായ ഹോട്ടല്‍ ജീവനക്കാരന്‍ ദില്‍ബര്‍ നേഗി മരിച്ചത് ഡോ. അന്‍വർ കാരണമാണെന്നാണ് ഡല്‍ഹി പൊലീസ് അവകാശപ്പെടുന്നത്. ഫെബ്രുവരി 15-ന് ആരംഭിച്ച സി.എ.എ വിരുദ്ധ പ്രതിഷേധത്തിന്റെ സംഘാടകനും ഫെബ്രുവരി 23-ന് ആരംഭിച്ച കലാപത്തിന് പ്രേരണ നല്‍കിയതും ഡോ. അന്‍വറാണെന്നാണ് ഡല്‍ഹി പൊലീസിന്റെ അന്തിമ റിപ്പോര്‍ട്ടിലുള്ളത്. ജൂണ്‍ നാലിന് ഡല്‍ഹിയിലെ കര്‍ക്കഡൂമ ജില്ലാ കോടതിയില്‍ ഡല്‍ഹി പൊലീസ് സമര്‍പ്പിച്ച കുറ്റപത്രത്തിലാണ് ഡോ. അന്‍വറിന്റെ പേര് പരാമര്‍ശിക്കുന്നത്. ഡല്‍ഹി പൊലീസിലെ ക്രൈം ബ്രാഞ്ച് തന്നെ നിരവധി തവണ ഇതുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്തുവെന്ന് അന്‍വര്‍ വ്യക്തമാക്കുന്നു.
ഫാറൂഖിയ മസ്ജിദിലെ പൗരത്വ വിരുദ്ധ സമരവുമായി ബന്ധപ്പെട്ട് ജൂൺ 4 -ന് പൊലീസ് സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നത് ഇപ്രകാരമാണ്;
“”പ്രതിഷേധം നടന്നിരുന്ന സ്ഥലത്ത് പ്രതിഷേധക്കാരുടെ കെെവശം ബി. അംബേദ്കർ, ഷഹീദ് ഭഗത് സിംഗ്, മഹാത്മാഗാന്ധി, എന്നിവരുടെ ചിത്രങ്ങളും ത്രിവർണ പതാകയുമുണ്ടായിരുന്നു. എന്നിരുന്നാലും, ഒരു പ്രത്യേക സമൂഹം കേന്ദ്ര സർക്കാരിനെതിരെ പ്രേരിപ്പിക്കപ്പെട്ടു. 23.02.2020 രാത്രി ഈ പ്രക്ഷോഭത്തിൽ പങ്കെടുത്തവരാണ് അക്രമത്തിലും പങ്കെടുത്തത്. തുടർന്ന് ദയാൽപൂരിലെ പൊലീസ് സ്റ്റേഷനിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. ഫാറൂഖിയ മസ്ജിദിൽ നടന്ന പ്രതിഷേധത്തിന്റെ സംഘാടകർ 1. അർഷാദ് പ്രധാൻ 2. അൽ ഹിന്ദ് ആശുപത്രി ഉടമ ഡോ. അൻവർ എന്നിവരാണ്. മുകളിൽ സൂചിപ്പിച്ച വ്യക്തികളെ ചോദ്യം ചെയ്യാൻ കഴിഞ്ഞില്ല, അവരെ പിന്നീട് ചോദ്യം ചെയ്യും, അതനുസരിച്ച് ഞങ്ങൾ അന്വേഷിക്കും”.
വിവരം അറിഞ്ഞ ഉടനെ തനിക്ക് ഞെട്ടലും തീവ്രമായ ദുഃഖവുമാണ് അനുഭവപ്പെട്ടത് എന്നായിരുന്നു ഡോക്ടര്‍ അന്‍വറിന്റെ പ്രതികരണം. ഒരാള്‍ ജനങ്ങള്‍ക്കും സമൂഹത്തിനും രാജ്യത്തിനും വല്ലതും ചെയ്താല്‍ അയാലെ ടാര്‍ഗറ്റ് ചെയ്യുകയാണോ ചെയ്യേണ്ടത്? ദുരന്തം സംഭവിച്ച് വരുന്ന ഒരാളുടെ ജീവന്‍ രക്ഷിക്കാന്‍ ശ്രമിക്കുന്നത് ഈ നാട്ടില്‍ കുറ്റകൃത്യമാണോ? ഡോക്ടര്‍ അന്‍വര്‍ ചോദിക്കുന്നു.
“”അന്ന് ഞാൻ പ്രതിഷേധ സ്ഥലത്ത് പോയിട്ടില്ല. ഫെബ്രുവരി 19- ന് ബിഹാറിലെ എന്റെ അമ്മായിയുടെ സംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ ഞാൻ പോയിരുന്നു. ഫെബ്രുവരി 24 രാവിലെ ഞാൻ വീട്ടിൽ തിരിച്ചെത്തി, പ്രതിഷേധം നടക്കുമ്പോൾ ക്ഷീണം കാരണം ഞാൻ ഉറങ്ങുകയായിരുന്നു” അന്‍വര്‍ പറയുന്നു. മാത്രമല്ല, കുറ്റപത്രത്തിൽ പറഞ്ഞിട്ടുള്ള സംഘാടകനായ അർഷാദ് പ്രധാനെ തനിക്ക് അറിയില്ലെന്നും പേര് കേട്ടിട്ടുണ്ടെങ്കിലും ഒരിക്കൽ പോലും നേരിൽ കണ്ടിട്ടില്ലെന്നുമാണ് അൻവർ വ്യക്തമാക്കുന്നത്.
ഒരു ഹാളും രണ്ട് മുറികളും 10 കിടക്കകളുമുള്ള ചെറിയ ക്ലിനിക്കാണ് അല്‍ ഹിന്ദ് ആശുപത്രി. മൂന്ന് ഡോക്ടർമാരും മറ്റ് രണ്ട് സ്റ്റാഫ് അംഗങ്ങളുമുള്ള ക്ലിനിക്ക് കലാപസമയത്ത് അടിയന്തര വാർഡുള്ള 24 മണിക്കൂർ പ്രവർത്തിക്കുന്ന ആശുപത്രിയായി മാറി. കലാപസമയത്ത് പൊലീസ് നടത്തിയ വെടിവെയ്പ്പില്‍ പിതാവിനൊപ്പം തെരുവില്‍ നിന്നിരുന്ന 22- കാരനായ മുഹമ്മദ് ഇമ്രാന് ഗുരുതരമായി പരിക്കേറ്റു. വെടി കൊണ്ടത് ഇമ്രാന്റെ ജനനേന്ദ്രിയ ഭാഗത്താണ്. വൃഷണവും ലിംഗവും വേർപെട്ടു പോയി. അടിയന്തര വൈദ്യസഹായം ആവശ്യമാണെന്ന് ഇമ്രാന്റെ കുടുംബത്തിന് അറിയാമായിരുന്നെങ്കിലും അക്രമത്തിനിടയില്‍ അവർക്ക് അവനെ സർക്കാർ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ കഴിഞ്ഞില്ല. പരിമിത സൌകര്യങ്ങളിലും ഇമ്രാന് രക്ഷയായത് ഡോ അൻവറാണ്. പ്രാഥമിക ശുശ്രൂഷക്ക് ശേഷം അടുത്ത ദിവസം ഇമ്രാനെ എൽഎൻജെപി ആശുപത്രിയിലേക്ക് മാറ്റി.
ഈ ആശുപത്രിയുടെ തറയില്‍ മുഴുവന്‍ ആളുകളായിരുന്നു, സഹായത്തിനായി നിലവിളിച്ചു കൊണ്ട്. ഊര്‍ന്നൊലിക്കുന്ന ചോരയും പുറത്തേക്ക് തള്ളി നില്‍ക്കുന്ന എല്ലുകളുമായി വന്നവര്‍. അതില്‍ രണ്ട് മൃതദേഹങ്ങളുമുണ്ടായിരുന്നു. അന്ന് ഇവിടെ ചികിത്സ തേടി വന്നവരില്‍ ആരുടേയും പേര് ഞങ്ങള്‍ ചോദിച്ചിട്ടില്ല, വളരെ പരിമിതമായ സ്റ്റാഫുകളെ വെച്ച്, യന്ത്രങ്ങള്‍ കണക്കെയാണ് ഞങ്ങള്‍ ആ ദിവസങ്ങളില്‍ ജോലി എടുത്തതെന്ന് അൻവർ വ്യക്തമാക്കുന്നു.
ചോദ്യം ചെയ്യുന്നതിനിടെ പൊലീസ് തന്നെ ഭീഷണിപ്പെടുത്തുകയും പീഡിപ്പിക്കുകയും ചെയ്തുവെന്നും ഡോ. അന്‍വര്‍ പറയുന്നുണ്ട്. യുഎപിഎ നിയമം ചാര്‍ത്തി ഇരുപത് വര്‍ഷം അഴിക്കുള്ളില്‍ അടയ്ക്കുമെന്നാണ് ഡല്‍ഹി പോലീസ് ഭീഷണിപ്പെടുത്തുന്നതെന്നാണ് അദ്ദേഹം പറയുന്നത്. “സിഎഎ വിരുദ്ധ സമരക്കാരുടെ പേര് പറയാനാണ് അവര്‍ എന്നെ നിര്‍ബന്ധിക്കുന്നത്. എനിക്ക് എങ്ങനെ പ്രദേശത്തെ സമരക്കാരുടെ പേര് പറയാനാവും. ഞാന്‍ സമരത്തിന്റെ സംഘാടകനോ പ്രചാരകനോ ആയിരുന്നില്ല”– അന്‍വര്‍ പറയുന്നു.സമരത്തിന് പണം നല്‍കുന്നത് ആരാണ്, സമരക്കാര്‍ക്ക് ബിരിയാണിയും ചായയും ഉണ്ടാക്കുന്നത് ആരാണ് എന്നൊക്കെയാണ് ഡല്‍ഹി പൊലീസ് തന്നോട് ചോദ്യംചെയ്യലില്‍ ചോദിച്ചതെന്നും അദ്ദേഹം പറയുന്നു.
അല്‍ ഹിന്ദ് ആശുപത്രിയിലേക്ക് ആംബുലന്‍സുകള്‍ക്ക് സുഗമമായ യാത്രാ സൗകര്യം ഒരുക്കണമെന്ന് ഉത്തരവ് ഇറക്കിയ ജസ്റ്റിസ് മുരളീധരനെ അടുത്ത ദിവസം ഡല്‍ഹി ഹൈക്കോടതിയില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ സ്ഥലം മാറ്റിയിരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഡല്‍ഹി പൊലീസിന്റെ ഡല്‍ഹി കലാപ സമയത്ത് പങ്കിനെതിരെ നിരവധി പരാതികള്‍ ഉയരുകയും ചെയ്തിട്ടുണ്ട്. ഇതിന് പിന്നാലെ,ഷാഹിന്‍ ബാഗിലെ സിഎഎ വിരുദ്ധ സമരക്കാര്‍ക്കായി കമ്മ്യൂണിറ്റി കിച്ചണ്‍ സ്ഥാപിച്ച് ഭക്ഷണം വിതരണം ചെയ്ത ഡി.എസ് ബിന്ദ്ര എന്നിവര്‍ക്കെതിരെയും ഡല്‍ഹി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.
തനിക്ക് ലോക്കല്‍, വിദേശ നമ്പറുകളില്‍ നിന്ന് ഇപ്പോഴും ഭീഷണി വാട്‌സാപ്പ് കോളുകള്‍ വരാറുണ്ടെന്നും ഡോ. അന്‍വര്‍ പറയുന്നു. എന്തുതന്നെയായാലും, കലാപബാധിതർക്ക് സഹായം നൽകുന്നതിലൂടെ ഞാൻ ഒരു കുറ്റകൃത്യവും ചെയ്യുന്നില്ല. കുറ്റകൃത്യങ്ങൾ ചെയ്തവർ മാത്രമേ ഭയപ്പെടേണ്ട കാര്യമുള്ളു. അൻവർ വ്യക്തമാക്കുന്നു. എന്നെ പ്രതിയാക്കാൻ പൊലീസ് പരമാവധി ശ്രമിക്കട്ടെ. അവർ പരാജയപ്പെടും. എനിക്ക് വിശ്വാസമുണ്ട്, എന്റെ ജോലി എനിക്കു വേണ്ടി സംസാരിക്കുന്നു. നഗരം കണ്ട ഏറ്റവും വലിയ കലാപത്തിന്റെ ഇരകളെ സഹായിക്കുകയല്ലാതെ ഞാൻ ഒന്നും ചെയ്തിട്ടില്ലെന്നും അൻവർ കൂട്ടിച്ചേർക്കുന്നു.