പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് നിര്‍ദേശം നല്‍കണമെന്ന ഹര്‍ജിയെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീംകോടതി. ഇതാണോ കോടതിയുടെ ജോലിയെന്ന് ചോദിച്ചുകൊണ്ട് രൂക്ഷമായ ഭാഷയിലാണ് സുപ്രിംകോടതി ഹര്‍ജിക്കാരനെ വിമര്‍ശിച്ചത്. തുടര്‍ന്ന് പിഴ ചുമത്തുമെന്ന സുപ്രീംകോടതിയുടെ മുന്നറിയിപ്പിനെ തുടര്‍ന്ന് ഹര്‍ജി അഭിഭാഷകന്‍ പിന്‍വലിച്ചു.
‘ഇതാണോ കോടതിയുടെ ജോലി? പിഴ ഈടാക്കാന്‍ ഞങ്ങളെ നിര്‍ബന്ധിതരാക്കുന്ന ഇത്തരം ഹര്‍ജികള്‍ എന്തിനാണ് നിങ്ങള്‍ ഫയല്‍ ചെയ്യുന്നത്? എന്ത് മൗലികാവകാശമാണ് ഇവിടെ ലംഘിക്കപ്പെടുന്നത്?’ കോടതി ചോദിച്ചു. ജസ്റ്റിസ് എസ്‌കെ കൗള്‍, അഭയ് എസ് എന്നിവര്‍ അധ്യക്ഷരായ ബെഞ്ചാണ് വിമര്‍ശനമുന്നയിച്ചത്.
ഗോവന്‍ഷ് സേവ സദന്‍ എന്ന എന്‍ജിഒയാണ് പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിക്കണമെന്ന പൊതു താത്പര്യ ഹര്‍ജിയുമായി സുപ്രിംകോടതിയെ സമീപിച്ചത്.