തലമുറ മാറ്റത്തിന് റിലയൻസ്; റീട്ടെയിൽ യൂണിറ്റിന്റെ തലപ്പത്തേക്ക് ഇഷ അംബാനി

റിലയൻസ് കമ്പനിയുടെ റീട്ടെയിൽ യൂണിറ്റിന്റെ ചെയർമാനായി ഇഷ അംബാനിയെ നിയമിക്കാൻ ഒരുങ്ങുന്നു. ഇഷയുടെ സ്ഥാനക്കയറ്റത്തെ കുറിച്ചുള്ള പ്രഖ്യാപനം ഉടനെ ഉണ്ടാകുമെന്നാണ് ബ്ലൂംബെർഗിന്റെ റിപ്പോർട്ട്.  റിലയൻസിന്റെ ടെലികോം യൂണിറ്റായ ജിയോ ഇൻഫോകോം ലിമിറ്റഡിന്റെ ചെയർമാനായി ആകാശ് അംബാനി നിയമിതനായതിനു തൊട്ടുപിന്നാലെയാണ് സഹോദരിയായ ഇഷയുടെ സ്ഥാനക്കയറ്റ വാർത്തകൾ  പുറത്തു വരുന്നത്.

അതേസമയം, വിഷയത്തിൽ പ്രതികരണത്തിനു റിലയൻസ് പ്രതിനിധി തയാറായില്ല.  റിലയൻസ് ഇൻഡസ്ട്രീസിന്റെ ഡയറക്ടർ സ്ഥാനത്ത് നിന്നും മുകേഷ് അംബാനി ഇന്നലെ രാജി വെച്ചിരുന്നു. തുടർന്ന് ചെയർമാനായി മകൻ ആകാശ് എം.അംബാനിയെ നിയമിക്കുകയും ചെയ്തു. റിലയൻസ് റീട്ടെയിലും റിലയൻസ് ജിയോയും ഓയിൽ-ടു-ടെലികോം കൂട്ടായ്മയുടെ അനുബന്ധ സ്ഥാപനങ്ങളാണ്.

ഇരട്ട സഹോദരങ്ങളായ ആകാശ്, ഇഷ എന്നിവർ റിലയൻസ് റീട്ടെയ്ൽ വെഞ്ച്വേഴ്സ്, ജിയോ മാർട് എന്നിവയുടെ ബോർഡ് അംഗങ്ങളാണ്. മുപ്പതുകാരിയായ ഇഷ, യേൽ യൂണിവേഴ്‌സിറ്റിയിലെ പൂർവ്വ വിദ്യാർത്ഥിയാണ്.

Read more

കഴിഞ്ഞ വർഷം നടന്ന റിലയൻസിന്റെ വാർഷിക പൊതു യോഗത്തിൽ റിലയൻസ് ഗ്രൂപ്പിൽ മക്കൾക്കു നിർണായക പങ്കാളിത്തം വൈകാതെ ഉണ്ടാകുമെന്ന സൂചനകൾ മുകേഷ് അംബാനി നൽകിയിരുന്നു.