ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖ് ആന്റ് സിറിയ (ഐഎസ്‌ഐഎസ്) തൃശൂര്‍ മൊഡ്യൂൾ നേതാവ് സയീദ് നബീല്‍ അഹമ്മദ് ചെന്നൈയില്‍ പിടിയില്‍. രാജ്യം വിടാനൊരുങ്ങവേയാണ് ഇയാളെ എന്‍ഐഎ പിടികൂടിയത്. കേരളത്തില്‍ ഐഎസ്‌ഐഎസിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി സയീദ് നബീല്‍ അഹമ്മദ് ഗൂഢാലോചനയ്ക്ക് നേതൃത്വം നല്‍കിയതായി കണ്ടെത്തിയിട്ടുണ്ട്.
കര്‍ണാടകയിലും തമിഴ്‌നാട്ടിലും വിവിധയിടങ്ങളില്‍ ഒളിവില്‍ കഴിഞ്ഞാണ് ഇയാള്‍ ഗൂഢാലോചനയ്ക്ക് നേതൃത്വം നല്‍കി വന്നത്. കഴിഞ്ഞ കുറച്ച് നാളുകളായി ഇയാളെ പിടികൂടാനുള്ള ശ്രമത്തിലായിരുന്നു എന്‍ഐഎ സംഘം. വ്യാജ രേഖകള്‍ ചമച്ച് നേപ്പാളിലേക്ക് കടക്കാനായിരുന്നു ഇയാളുടെ നീക്കം. പ്രതിയില്‍ നിന്ന് വ്യാജ രേഖകളും ഡിജിറ്റല്‍ ഉപകരണങ്ങളും എന്‍ഐഎ പ്രത്യേക അന്വേഷണ സംഘം കണ്ടെടുത്തു.
തൃശൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സംഘം കേരളത്തില്‍ വിവിധ സ്ഥലങ്ങളില്‍ ആക്രമണം നടത്താന്‍ പദ്ധതിയിടുന്നുവെന്ന് എന്‍ഐഎയ്ക്ക് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ ജൂലൈ 11ന് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് നബീല്‍ അഹമ്മദ് പിടിയിലായത്. കൊള്ളയടിച്ച് പണം കണ്ടെത്താനും സംഘം പദ്ധതിയിട്ടിരുന്നതായി എന്‍ഐഎ അറിയിച്ചു.