ഇസ്രയേല്‍ പ്രധാനമന്ത്രി ഇന്ന് ഡല്‍ഹിയില്‍

ആറു ദിവസത്തെ ഇന്ത്യന്‍ സന്ദര്‍ശനത്തിനു വേണ്ടി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഇന്ന് ഡല്‍ഹിയില്‍ എത്തും. പ്രധാനമന്ത്രി നരേന്ദ്ര മോഡി ബെഞ്ചമിന്‍ നെതന്യാഹുവിനെയും ഭാര്യയേയും നേരിട്ട് എത്തി സ്വീകരിക്കും. ഇന്ത്യയും ഇസ്രയേലും തമ്മിലുള്ള നയതന്ത്ര ബന്ധം 1992 ല്‍ പുനഃസ്ഥാപിച്ചശേഷം ഇതു രണ്ടാം തവണയാണ് ഒരു ഇസ്രയേല്‍ പ്രധാനമന്ത്രി രാജ്യത്ത് എത്തുന്നത്. ആരിയല്‍ ഷാരോണ്‍ ഇസ്രയേല്‍ പ്രധാനമന്ത്രിയെന്ന നിലയില്‍ 2003 ല്‍ ഇന്ത്യയിലെത്തിയിരുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കു നെതന്യാഹു സന്ദര്‍ശന വേളയില്‍ സവിശേഷമായ സമ്മാനം നല്‍കും. ഗാല്‍-മൊബൈല്‍ എന്നു അറിയപ്പെടുന്ന വാഹനമാണ് നെതന്യാഹു മോഡിക്കു സമ്മാനിക്കുക. ഈ വാഹനം ഉപയോഗിച്ച് കടല്‍ജലം ശുദ്ധീകരിച്ച് കുടിവെള്ളമാക്കാന്‍ സാധിക്കും.

നെതന്യാഹു രാഷ്ട്രപതി റാം നാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോഡി, വിദേശകാര്യമന്ത്രി സുഷമ സ്വരാജ് എന്നിവരുമായി നാളെ ചര്‍ച്ച നടത്തും. ഇന്ത്യന്‍ സന്ദര്‍ശനത്തിന്റെ ഭാഗമായി മുംബൈയിലും ഗുജറാത്തിലും നെതന്യാഹു എത്തും.