ഗുജറാത്തിലെ വർഗീയ കലാപങ്ങളുടെ തുടക്കം; ഗോധ്രാ കലാപം അരങ്ങേറിയിട്ട് ഇന്നേക്ക് 22 വർഷം

ഇന്ത്യയുടേയും ഗുജറത്തിന്റെയും രാഷ്ട്രീയഗതി തന്നെ മാറ്റി മറിച്ച ഗോധ്രാ കലാപം അരങ്ങേറിയിട്ട് ഇന്നേക്ക് 22 വർഷങ്ങൾ. 2002 ഫെബ്രുവരി 27 നാണ് ഗുജറാത്ത് കലാപം എന്നാ തീരാ മുറിവ് രാജ്യത്ത് സംഭവിച്ചത്. ഗുജറാത്തിലെ ഗോധ്രയിൽ സബർമതി എക്‌സ്പ്രസ് ആക്രമിക്കപ്പെടുകയും തീവണ്ടിയുടെ എസ് കോച്ച് കത്തി 59 പേർ വെന്തുമരിക്കുകയും ചെയ്യുകയായിരുന്നു. ഗുജറാത്തിലെ വർഗീയ കലാപങ്ങൾക്ക് തുടക്കമായത് ഗോധ്ര കലാപത്തിലൂടെ ആയിരുന്നു.

മുസാഫർപൂരിൽ നിന്ന് യാത്ര ആരംഭിച്ച് അഹമ്മദാബാദിലേക്ക് പോവുകയായിരുന്ന സബർമതി എക്സ്പ്രസ് ഗുജറാത്തിലെ ഗോധ്ര സ്റ്റേഷനിൽ എത്തിയപ്പോഴാണ് എസ് കോച്ച് അഗ്നിക്കിരയായത്. അയോധ്യയിലെ ബാബരി മസ്ജിദ് തകർത്ത സ്ഥലത്ത് രാമക്ഷേത്രം നിർമിക്കുന്നതിനായി വിശ്വ ഹിന്ദു പരിഷത്തിൻ്റെ ആഭിമുഖ്യത്തിൽ പൂർണാഹുതി മഹായജ്ഞത്തിൽ പങ്കെടുക്കാൻ പോയ 2000 കർസേവകർ അയോധ്യയിൽ നിന്ന് അന്നേ ദിവസം സബർമതി എക്സ്പ്രസ് ട്രെയിനിൽ കയറിയിരുന്നു. ആ കോച്ചിൽ യാത്ര ചെയ്ത 59 യാത്രക്കാരാണ് കൊല്ലപ്പെട്ടത്. ഇവരിൽ ഭൂരിഭാഗവും കർസേവകരായിരുന്നു.

ട്രെയിനിൽ സഞ്ചരിച്ച കർസേവകർ കൊല്ലപ്പെട്ടതിന് പിന്നാലെ ഗോധ്രയിലും പിന്നീട് ഗുജറാത്ത് ഒന്നാകെയും വർഗീയ കലാപം അരങ്ങേറി. ട്രെയിൻ കത്തിച്ച് അപകടം ഉണ്ടാക്കുകയായിരുന്നെന്ന് പ്രചാരണം വന്നതോടെ മണിക്കൂറുകൾക്കുള്ളിൽ സംസ്ഥാനത്തുടനീളം അക്രമാസക്തമായ കലാപം പൊട്ടിപ്പുറപ്പെട്ടു. സംസ്ഥാനത്തുടനീളം 2-3 മാസത്തോളം കലാപം തുടർന്നു. കർസേവകർ കൊല്ലപ്പെട്ടതിൽ പ്രതിഷേധിച്ച് വിശ്വഹിന്ദു പരിശ്വത്ത് ഹർത്താൽ പ്രഖ്യാപിക്കുകയും കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങളുടെ പ്രദർശനത്തിന് അന്നത്തെ ഗുജറാത്ത് സർക്കാർ അനുമതി നൽകുകയും ചെയ്തതാണ് വർഗീയ കലാപത്തിന് ആക്കം കൂട്ടിയത്.

ഗുജറാത്തിലെ ഗുൽബർഗ് സൊസൈറ്റി എന്ന മുസ്ലീം ഹൗസിങ് കോളനി അക്രമികൾ തീവെച്ചു. ആക്രമത്തിൽ മുതിർന്ന കോൺഗ്രസ് നേതാവായ ഇഹ്സാൻ ജെഫ്രി ഉൾപ്പെടെ 35 പേർ ക്രൂരമായി കൊല്ലപ്പെടുകയും ചെയ്തു. 2005ൽ കേന്ദ്രം രാജ്യസഭയിൽ സമർപ്പിച്ച ഔദ്യോഗിക കണക്കുകൾ പ്രകാരം ഗോധ്ര സംഭവത്തിനുശേഷം ഉണ്ടായ അക്രമങ്ങളിൽ 790 മുസ്ലീങ്ങളും 254 ഹിന്ദുക്കളും കൊല്ലപ്പെടുകയും 223 പേരെ കാണാതാവുകയും 2500 പേർക്ക് പരുക്കേട്ടു. പതിനായിരക്കണക്കിന് ആളുകൾ ഭവനരഹിതരാവുകയും ചെയ്തു.

കലാപത്തിന് പിന്നാലെ ഗുജറാത്ത് പോലീസിന്റെ പ്രത്യേക സംഘം നടത്തിയ അന്വേഷണത്തിൽ ഗോധ്ര ട്രെയിൻ ആക്രമണം ആക്‌സ്മികമായി സംഭവിച്ച ഒന്നല്ലെന്നും മറിച്ച് ഗൂഢാലോചനയുടെ അനന്തരഫലം ആണെന്നുമുള്ള നിഗമനത്തിൽ എത്തി. എന്നാൽ 2004ല്‍ റെയിൽവേ മന്ത്രി ആയിരുന്ന ലാലു പ്രസാദ് യാദവ് ജസ്റ്റിസ് യുസി ബാനർജിയെ ഗോധ്ര സംഭവം അന്വേഷിക്കാൻ കേന്ദ്രസർക്കാർ നിയോഗിച്ചു. തീപിടിച്ചത് ട്രെയിനിന് ഉള്ളിൽ നിന്നാണെന്നും ആകസ്മികമായിട്ടാണെന്നും ജസ്റ്റിസ് യുസി ബാനർജി കമ്മീഷൻ റിപ്പോർട്ട് സമർപ്പിച്ചു. എന്നാൽ ഗുജറാത്ത് ഹൈക്കോടതി യുസി ബാനർജി റിപ്പോർട്ട് പ്രസിദ്ധീകരിക്കുന്നത് തടഞ്ഞു. റിപ്പോർട്ട് ഭരണഘടനാ വിരുദ്ധവും അസാധുവുമാണെന്ന് ചൂണ്ടിക്കാട്ടി സുപ്രീംകോടതിയും റിപ്പോർട്ട് തള്ളി.

അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സർക്കാർ അന്വേഷണ കമ്മീഷനെ രൂപീകരിച്ചു. ജസ്റ്റിസ് ജിടി നാനാവതി, ജസ്റ്റിസ് കെജി ഷാ എന്നിവരടങ്ങുന്നതായിരുന്നു കമ്മീഷൻ. കമ്മീഷൻ അന്വേഷണം പൂർത്തിയാക്കുന്നതിന് മുമ്പ് 2008 മാർച്ചിൽ ജസ്റ്റിസ് കെജി ഷാ മരിച്ചു. അദ്ദേഹത്തിൻ്റെ സ്ഥാനം ജസ്റ്റിസ് അക്ഷയ് എച്ച് മേത്ത ഏറ്റെടുത്തു. ജസ്റ്റീസ് നാനാവതിയും ജസ്റ്റിസ് അക്ഷയ് മേത്തയും അതേ വർഷം തന്നെ നാനാവതി-ഷാ കമ്മീഷൻ്റെ അന്തിമ റിപ്പോർട്ട് സമർപ്പിച്ചു. നാനാവതി കമ്മീഷൻ റിപ്പോർട്ട് പ്രകാരം ഗോധ്രയിൽ ട്രെയിൻ കത്തിച്ചത് ആസൂത്രിതമായിട്ടാണെന്നും ട്രെയിന് ആൾകൂട്ടം തീവെയ്ക്കുകയായിരുന്നെന്നും പറഞ്ഞു. കലാപാരോപണത്തിൽ നിന്ന് മുഖ്യമന്ത്രി നരേന്ദ്ര മോദിക്ക് ക്ലീൻചീറ്റ് നൽകുകയും സർക്കാർ ചെയ്ത ദുരന്തനിയന്ത്രണ നടപടികളെ പ്രകീർത്തിക്കുകയും ചെയ്തു.

അതേസമയം കലാപം ആസൂത്രണം ചെയ്തതിൽ നരേന്ദ്രമോദിക്കും പങ്കുണ്ടെന്ന് ആരോപണം ശക്തമായിരുന്നു. അമേരിക്ക നരേന്ദ്രമോദിക്ക് വിസ നിഷേധിക്കുന്നതിന് കാരണമായി ചൂണ്ടിക്കാട്ടിയത് ഈ ആരോപണമായിരുന്നു. 2002 ലെ ഗുജറാത്ത് കലാപം അവസാനിപ്പിക്കുന്നതിൽ പരാജയപ്പെട്ടുവെന്നാരോപിച്ച് ബ്രിട്ടീഷ് സർക്കാരും മോദിക്കെതിരെ നയതന്ത്ര ബഹിഷ്‌കരണം നടത്തിയിരുന്നു. 2012 ഒക്ടോബറിലാണ് ഈ ബഹിഷ്‌കരണം അവസാനിച്ചത്.

2011 മാർച്ച് 1 ന് പ്രത്യേക എസ്ഐടി കോടതി 31 പേരെ കുറ്റക്കാരായി കണ്ടെത്തി, അതിൽ 11 പേർക്ക് വധശിക്ഷയും 20 ജീവപര്യന്തം തടവും വിധിച്ചു. ക്രിമിനൽ ഗൂഢാലോചന, കൊലപാതകം, വധശ്രമം തുടങ്ങിയ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പുകൾ പ്രകാരമാണ് 31 പ്രതികൾ ശിക്ഷിക്കപ്പെട്ടത്. എന്നാൽ പിന്നീട് വധശിക്ഷ ജീവപര്യന്തമാക്കി കുറച്ചു. കേസിൽ 63 പേരെ കോടതി വെറുതെ വിട്ടു.

അതേസമയം തന്നെ പ്രത്യേക അന്വേഷണ സംഘം തെളിവുകൾ നശിപ്പിച്ചെന്ന ആരോപണം ഉയർന്നിരുന്നു. എന്നാൽ 2014ല്‍ പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോർട്ടിൽ സുപ്രീംകോടതി തൃപ്തി രേഖപ്പെടുത്തുകയും മോദിക്ക് ക്ലീൻ ചിറ്റ് നൽകിയതിനെതിരെ സമർപ്പിച്ചിരുന്ന ഒരു ഹർജി തള്ളുകയും ചെയ്തു.

2023 ൽ പുറത്തിറങ്ങിയ ബിബിസിയുടെ ‘ഇന്ത്യ: ദ മോദി ക്വസ്റ്റ്യൻ’ എന്ന ഡോക്യുമെന്ററിയിൽ ഗുജറാത്ത് കലാപത്തിൽ നരേന്ദ്ര മോദിക്ക് പങ്കുണ്ടെന്ന് ആരോപണം ഉയർന്നിരുന്നു. ‘കലാപത്തിൽ മന്ത്രിമാർ പങ്കെടുത്തതായും ആക്രമണ സംഭവങ്ങളിൽ ഇടപെടരുതെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയതായും’ ബിബിസി ഡോക്യുമെന്ററിയിൽ ആരോപിച്ചിരുന്നു. ബിബിസിയുടെ ഈ ഡോക്യുമെന്ററി ഇന്ത്യയിൽ പ്രദർശിപ്പിക്കുന്നതിന് മോദി ഗവണ്മെന്റ് വിലക്കേർപ്പെടുത്തുകയും ചെയ്തിരുന്നു.