രാജ്യത്ത് സെൻസസ് നടപടികൾ അടുത്ത വർഷം ആരംഭിക്കുമെന്ന് റിപ്പോർട്ട്; ജാതി സെൻസസ് ഉണ്ടാകില്ല

രാജ്യത്ത് സെൻസസ് നടപടികൾ കേന്ദ്രസർക്കാർ അടുത്തവർഷം തുടങ്ങുമെന്ന് റിപ്പോർട്ട്. 2026 ൽ സെൻസസ് റിപ്പോർട്ട് പ്രസിദ്ധീകരിക്കാനാണ് നീക്കം നടക്കുന്നത്. അതേസമയം ജാതി സെൻസസ് ഉണ്ടാകില്ലെന്നും റിപ്പോർട്ടുകളുണ്ട്. സെൻസസ് നടപടികൾ ഉടൻ തുടങ്ങണമെന്നും ജാതിസെൻസസ് വേണമെന്നുമുള്ള ആവശ്യം പ്രതിപക്ഷം ശക്തമാക്കിയിരുന്നു.

2021 ൽ തുടങ്ങേണ്ടിയിരുന്ന സെൻസസ് നടപടികൾ ഇത്രയും വൈകിയത് കൊവിഡ് അടക്കമുള്ള കാരണങ്ങളാലാണെന്നാണ് കേന്ദ്രസര്‍ക്കാര്‍ പറയുന്നത്. 2011 ലെ സെൻസ് റിപ്പോർട്ടിലെ വിവരങ്ങളെയാണ് ഇപ്പോഴും ആശ്രയിക്കുന്നത്. അടുത്ത വർഷം വിവരശേഖരണം തുടങ്ങാൻ തയാറെടുപ്പുകൾ പൂർത്തിയായെന്നാണ് സൂചന. 2026 ൽ സെൻസസ് റിപ്പോർട്ട് പ്രസിദ്ധീകരിക്കും. എന്നാൽ ജാതി സെൻസസ് ഇത്തവണയുമുണ്ടാകില്ല.

പതിവുപോലെ വ്യക്തികളുടെയും കുടുംബത്തിന്റെയും പേരുവിവരങ്ങൾ, മതം, പട്ടികജാതി പട്ടികവർ​ഗമാണോ എന്നിവ രേഖപ്പെടുത്താൻ മാത്രമാണ് സെൻസസ് ഫോമിൽ കോളമുണ്ടാവുക. സെൻസസ് പൂർത്തിയാക്കുന്നതിന് പിന്നാലെ മണ്ഡല പുനർ നിർണയ നടപടികളും തുടങ്ങും. അതേസമയം ജാതി സെൻസസ് നടത്താതെ ഒബിസി, പിന്നാക്ക വിഭാ​ഗക്കാരെ കേന്ദ്രസർക്കാർ വീണ്ടും ചതിക്കുകയാണെന്ന് കോൺ​ഗ്രസ് വിമർശിച്ചു. ജാതി സെൻസസ് വേണമെന്ന് ജെഡിയു, ടിഡിപി തുടങ്ങിയ ഘടകക്ഷികളും ആവശ്യമുന്നയിച്ചിരുന്നു.