ഭീകരവാദികളെ മണ്ണില്‍ മൂടാന്‍ സമയമായി; രാജ്യത്തിന്റെ ആത്മാവിനെ മുറിവേല്‍പ്പിച്ചവരെ അവര്‍ ചിന്തിക്കുന്നതിനും അപ്പുറം ശിക്ഷിക്കുമെന്ന് മോദി

ജമ്മു കശ്മീരിലെ പെഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണം രാജ്യത്തിന്റെ ആത്മാവിനേറ്റ മുറിവാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആക്രമണം നടത്തിയവര്‍ക്ക് അവര്‍ സങ്കല്‍പ്പിക്കുന്നതിനും അപ്പുറമുള്ള ശിക്ഷ ലഭിക്കുമെന്നും മോദി പറഞ്ഞു. ബിഹാറിലെ മധുബനിയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

പെഹല്‍ഗാം ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക് ആദരം അര്‍പ്പിച്ച് രണ്ടുമിനിറ്റ് മൗനം ആചരിച്ച ശേഷമാണ് പ്രധാനമന്ത്രി സംസാരിച്ചുതുടങ്ങിയത്. ദേശീയ പഞ്ചായത്ത് രാജ് ദിനവുമായി ബന്ധപ്പെട്ടായിരുന്നു ബിഹാറിലെ ചടങ്ങ്. പെഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തില്‍ രാജ്യം മുഴുവന്‍ ദുഃഖിതരാണെന്നും മോദി പറഞ്ഞു.

പെഹല്‍ഗാമില്‍ നിരപരാധികളായ സാധാരണക്കാരെ ഭീകരര്‍ എങ്ങനെയാണ് ക്രൂരമായി കൊലപ്പെടുത്തിയതെന്ന് രാജ്യത്തിനറിയാം. രാജ്യം മുഴുവന്‍ അതിന്റെ ഞെട്ടലിലാണ്. ഇന്ത്യ ഒറ്റക്കെട്ടായി ആക്രമണത്തില്‍ രോഷം പ്രകടപ്പിക്കുകയാണ്. ബാക്കിയുള്ള ഭീകരവാദികളെ കൂടി മണ്ണില്‍ മൂടാന്‍ സമയമായെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

ഇന്ത്യയുടെ കൂടെ നില്‍ക്കുന്ന എല്ലാ രാജ്യങ്ങള്‍ക്കും പ്രധാനമന്ത്രി നന്ദി അറിയിച്ചു. മനുഷ്യത്വത്തില്‍ വിശ്വസിക്കുന്ന എല്ലാവരും ഇന്ത്യയുടെ കൂടെ നില്‍ക്കുന്നുവെന്നും നരേന്ദ്ര മോദി അഭിപ്രായപ്പെട്ടു. ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ഭീകരര്‍ക്കും ഗൂഢാലോചന നടത്തിയവര്‍ക്കും അവര്‍ സങ്കല്‍പ്പിക്കുന്നതിലും അപ്പുറമുള്ള ശിക്ഷ ലഭിക്കും.

പ്രസംഗത്തില്‍ പാകിസ്ഥാനെ പ്രധാമന്ത്രി പരോക്ഷമായി പരാമര്‍ശിച്ചു. ഭീകരതയ്ക്ക് പിന്തുണ നല്‍കുന്നവരെയും ശിക്ഷിക്കുമെന്നായിരുന്നു പ്രധാമന്ത്രിയുടെ പരാമര്‍ശം. 140 കോടി ഇന്ത്യക്കാരുടെ ഇച്ഛാശക്തി ഭീകരവാദത്തിന്റെ നട്ടെല്ല് തകര്‍ക്കും. രാജ്യം പഹല്‍ഗാമില്‍ പ്രിയപ്പെട്ടവരുടെ ജീവന്‍ നഷ്ടമായവര്‍ക്കൊപ്പമാണ്. ആക്രമണത്തില്‍ പരിക്കേറ്റവര്‍ക്ക് മികച്ച ചികിത്സ ഉറപ്പുവരുത്താന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ടെന്നും പ്രധാനമന്ത്രി അറിയിച്ചു.