അയോധ്യക്കേസില്‍ വിധി പറഞ്ഞ സുപ്രീംകോടതി മുന്‍ ജഡ്ജിയെ ഗവര്‍ണറാക്കിയതിനെതിരെ കോണ്‍ഗ്രസ് രംഗത്ത്. സയ്യിദ് അബ്ദുല്‍ നസീറിനെ ഗവര്‍ണറാക്കിയത് തെറ്റായ പ്രവണതയാണെന്ന് കോണ്‍ഗ്രസ് വ്യക്താവ് മനു അഭിഷേക് സിങ്വി പറഞ്ഞു.
ഇത്തരം നിയമനങ്ങള്‍ ജുഡീഷ്യറിക്ക് ഭീഷണിയാണ്.
ഒന്നാം മോദി സര്‍ക്കാരിലെ ധനമന്ത്രിയായിരുന്ന അന്തരിച്ച അരുണ്‍ ജയ്റ്റ്‌ലി പറഞ്ഞത് ഓര്‍മിപ്പിച്ചുകൊണ്ടാണ് മനു അഭിഷേക് സിങ്വി ഇക്കാര്യം പറഞ്ഞത്. വിരമിക്കുന്നതിന് മുന്‍പുള്ള വിധിന്യായങ്ങള്‍ക്ക് വിരമിക്കലിന് ശേഷമുള്ള ജോലികളുടെ സ്വാധീനമുണ്ടാകുമെന്നും അതു ജുഡീഷ്യറിക്കു ഭീഷണിയാണെന്നുമായിരുന്നു 2013ല്‍ അരുണ്‍ ജയ്റ്റ്‌ലി പറഞ്ഞത്.
കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേശും ബി.ജെ.പി നേതാവ് അരുണ്‍ ജെയ്റ്റ്‌ലിയുടെ വിഡിയോ ട്വീറ്റ് ചെയ്തിട്ടുണ്ട്. ‘ജഡ്ജിമാരുടെ നേരത്തെയുള്ള വിരമിക്കല്‍ അതിനു ശേഷമുള്ള ജോലിയുടെ സ്വാധീനമാണ്’ എന്നായിരുന്നു ജെയ്റ്റ്‌ലി വിഡിയോയില്‍ പറയുന്നത്. 2012ലെ വിഡിയോ ആണിത്. കഴിഞ്ഞ മൂന്ന് നാലു വര്‍ഷമായി ഇത് ഉറപ്പാക്കുന്നതിനാവശ്യമായ തെളിവുണ്ടെന്നും ജയറാം രമേശ് ട്വീറ്റ് ചെയ്തു.
അതേസമയം, മോദിക്ക് വേണ്ടി പണിയെടുത്തവരെല്ലം പുതിയ ഗവര്‍ണര്‍മാരായെന്ന് കോണ്‍ഗ്രസ് എം.പി മാണിക്കം ടാഗോര്‍ ട്വീറ്റ് ചെയ്തു. മോദി അദാനിക്ക് വേണ്ടി പണിയെടുക്കുന്നു. മോദിക്ക് വേണ്ടി പണിയെടുത്തവരൊക്കെ പുതിയ ഗവര്‍ണര്‍മാരായി. ജനങ്ങള്‍ക്ക് വേണ്ടി പണിയെടുക്കാന്‍ ആരാണുള്ളത് ഭാരത് മാതാ കി ജയ്’ – എന്നായിരുന്നു കോണ്‍ഗ്രസ് എം.പിയുടെ പ്രതികരണം.