ജഹാംഗീര്‍പുരി സംഘര്‍ഷത്തില്‍ 8 പ്രതികളുടെ ജാമ്യാപേക്ഷ തള്ളി ദില്ലി രോഹിണി കോടതി . പ്രതികള്‍ക്ക് ക്രിമിനല്‍ പശ്ചാത്തലമുള്ളതിനാല്‍ ജാമ്യം നല്‍കാനാകില്ലെന്ന് വ്യക്തമാക്കിയാണ് കോടതി അപേക്ഷ തള്ളിയത്. സംഘര്‍ഷം തടയുന്നതില്‍ പൊലീസിന് വീഴ്ച പറ്റിയെന്നും കോടതി നിരീക്ഷിച്ചു. അനുമതിയില്ലാതെ നടത്തിയ റാലി പൊലീസ് തടഞ്ഞില്ല. പകരം റാലിയെ അനുഗമിക്കുകയായിരുന്നു പൊലീസെന്നും കോടതി വിമര്‍ശിച്ചു.
ഹനുമാന്‍ ജയന്തിക്കിടെയുണ്ടായ സംഘര്‍ഷത്തിന് പിന്നാലെ ദില്ലി ജഹാംഗീര്‍പുരിയില്‍ പൊളിക്കല്‍ നടപടികള്‍ ഉണ്ടായിരുന്നു. അനധികൃത കെട്ടിടങ്ങള്‍ ഇടിച്ചുനിരത്താന്‍ 20-ാം തിയതി രാവിലെ ബുള്‍ഡോസറുകളുമായി ഉത്തര ദില്ലി മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ അധികൃതര്‍ എത്തുകായായിരുന്നു.
‘കലാപകാരി’കളുടെ അനധികൃത കെട്ടിടങ്ങള്‍ പൊളിക്കണമെന്നാവശ്യപ്പെട്ട് ദില്ലി ബിജെപി അധ്യക്ഷന്‍ ആദേഷ് ഗുപ്ത എന്‍ഡിഎംസി മേയര്‍ക്ക് അയച്ച കത്തിന് തൊട്ടുപിന്നാലെയാണ് ഉദ്യോഗസ്ഥര്‍ ബുള്‍ഡോസറുകളുമായി കെട്ടിടങ്ങള്‍ പൊളിക്കാനെത്തിയത്. സ്ഥലത്ത് നാനൂറോളം പൊലീസുകാരെ അണിനിരത്തി കനത്ത സുരക്ഷയോടെയായിരുന്നു പൊളിക്കല്‍ നടപടികള്‍. നാലഞ്ച് കെട്ടിടങ്ങള്‍ ബുള്‍ഡോസറുകള്‍ കൊണ്ടുവന്ന് പൊളിക്കുകയും ചെയ്തു.