പുല്‍വാമ ഭീകരാക്രമണം തിരഞ്ഞെടുപ്പില്‍ ചര്‍ച്ചയാക്കാന്‍ കോണ്‍ഗ്രസും. ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത ജെയ്ഷെ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹറിനെ ഇന്ത്യയില്‍ നിന്നും കാണ്ഡഹാറിലേക്ക് മോചിപ്പിക്കാനായി കൊണ്ടു പോയത് നിലവിലെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലാണെന്ന് ചിത്രത്തിന്റെ തെളിവോടെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ആരോപിക്കുന്നു. മസൂദ് അസ്ഹറിനെ കൈമാറുന്ന ചിത്രത്തില്‍ അജിത് ഡോവലിനെ അടയാളപ്പെടുത്തിയാണ് രാഹുല്‍ ഗാന്ധി ട്വീറ്ററിലൂടെ ആരോപണവുമായി രംഗത്ത് വന്നിരിക്കുന്നത്.
“പുല്‍വാമയില്‍ കൊല്ലപ്പെട്ട 40 സിആര്‍പിഎഫ് ജവാന്മാരുടെ കുടുംബത്തോട് മോദി ഉത്തരം പറയണം. ജവാന്മാരുടെ കൊലയാളിയായ മസൂദ് അസ്ഹറിനെ ആരാണ് വിട്ടയച്ചതെന്ന്. മാത്രമല്ല താങ്കളുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവ് പാകിസ്ഥാനിലേക്ക് കൊലയാളിയെ കൈമാറുന്നതിന് കാണ്ഡഹാറിലേക്ക് പോയ വ്യക്തിയാണെന്ന് പറയണമെന്നും” രാഹുല്‍ പറയുന്നു.
കഴിഞ്ഞ ദിവസം ഇന്ത്യയുടെ തടവിലായിരുന്ന മസൂദ് അസ്ഹറിനെ മോചിപ്പിച്ചത് ബിജെപി സര്‍ക്കാരാണെന്ന് മോദി പറയണമെന്ന് രാഹുല്‍ ആവശ്യപ്പെട്ടിരുന്നു.
1999 ല്‍ വാജ്‌പേയി സര്‍ക്കാരാണ് ഭീകരവാദിയായ മസൂദ് അസ്ഹറിനെ ഇന്ത്യ പാകിസ്ഥാനിലേക്ക് കൊണ്ടു പോയി കൈമാറിയത്. ഭീകരര്‍ ഇന്ത്യന്‍ എയര്‍ലൈന്‍സന്റെ യാത്രാ വിമാനം തട്ടികൊണ്ടുപോയി വിലപേശിയതിന്റെ അടിസ്ഥാനത്തിലായിരുന്നു മോചനം.