സംസ്ഥാന സര്‍ക്കാരുകള്‍ മുസ്ലിം പള്ളികള്‍ നിര്‍മ്മിക്കാന്‍ സ്ഥലം അനുവദിക്കുന്നില്ലെന്ന് ആരോപിച്ച് ജമാഅത്തെ ഇസ്‌ലാമി ഹിന്ദ്. ആരാധനാലയങ്ങള്‍ പണിയാനായി ഹിന്ദുക്കള്‍ക്കും ക്രിസ്ത്യാനികള്‍ക്കും സിഖുകാര്‍ക്കും ജൈനര്‍ക്കും സ്ഥലം അനുവദിക്കുന്നുണ്ട്. മുസ്ലിം സമൂഹത്തോട് കാണിക്കുന്നത് അവഗണനയാണെന്ന് ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് ഉപാധ്യക്ഷന്‍ മുഹമ്മദ് സലീം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
വിശ്വാസികള്‍ പൊതുസ്ഥലങ്ങളിലും, പാര്‍ക്കുകളിലുമാണ് നമസ്‌കാരം നടത്തുന്നത്. ഇതിന് പകരം പള്ളികള്‍ വേണമെന്നതാണ് ആവശ്യം. പള്ളി നിര്‍മ്മിക്കാനായി പണവും അപേക്ഷയും നല്‍കിയിട്ടും അവഗണിക്കുകയാണ്. ഇത് വിവേചനമാണെന്ന് അദ്ദേഹം ആരോപിച്ചു. ഗുരുഗ്രാമില്‍ ജുമുഅ നമസ്‌കാരം നടക്കുന്നത് തടഞ്ഞതിനെയും അദ്ദേഹം കുറ്റപ്പെടുത്തി.
പൊതുസ്ഥലങ്ങളില്‍ നടക്കുന്ന ജുമുഅ നമസ്‌കാരം കഴിഞ്ഞ ദിവസം ഹിന്ദുത്വവാദികള്‍ തടഞ്ഞിരുന്നു. സെപ്തംബറില്‍ ഹിന്ദുത്വവാദികള്‍ ജുമുഅ തടയല്‍ ക്യാമ്പയിന്‍ ആരംഭിച്ചിരുന്നു. ഭൂമി കയ്യേറാനാണ് ശ്രമമെന്ന് ആരോപിച്ചാണ് നമസ്‌കാരങ്ങള്‍ അവര്‍ തടസ്സപ്പെടുത്തിയത്. ജയ് ശ്രീരാം മുദ്രാവാക്യം വിളിയുമായി എത്തിയ പ്രതിഷേധക്കാരെ പൊലീസ് തടഞ്ഞുവച്ചിരുന്നു. സിഖ് ഗുരുദ്വാരകള്‍ അവര്‍ മുസ്ലിം പ്രാര്‍ത്ഥനകള്‍ക്കായി വിട്ടു നല്‍കാമെന്ന് അറിയിച്ചങ്കിലും പ്രതിഷേധക്കാര്‍ അവരെയും ഭീഷണിപ്പെടുത്തിയിരുന്നു. ഹിന്ദുത്വവാദികള്‍ സാമുദായിക സൗഹാര്‍ദ്ദം ഇല്ലാതാക്കാനും, മത സൗഹാര്‍ദ്ദം തകര്‍ക്കാനുമാണ് ശ്രമിക്കുന്നതെന്ന് മുസ്ലിം സംഘടനകള്‍ ആരോപിച്ചു.
Read more
കേന്ദ്രത്തിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരെയും ജമാഅത്തെ ഇസ്‌ലാമി രൂക്ഷ വിമര്‍ശനം ഉന്നയിച്ചു. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചത് പോലെ വിവാദ പൗരത്വ ഭേദഗതിനിയമവും, ദേശീയ പൗരത്വ പട്ടികയും സര്‍ക്കാര്‍ പിന്‍വലിക്കണം. കേന്ദ്രം നടപ്പിലാക്കുന്ന പുതിയ പരിഷ്‌കാരങ്ങള്‍ രാജ്യത്തിന്റെ ഭരണഘടനയ്ക്ക് എതിരാണ്. കര്‍ഷകരുടെ ആവശ്യങ്ങള്‍ അംഗീകരിക്കാനും തയ്യാറാകണമെന്ന് മുഹമ്മദ് സലീം ആവശ്യപ്പെട്ടു. അതേസമയം ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷന്‍ മുന്നോട്ട് വച്ചിരിക്കുന്ന ന്യൂനപക്ഷ സ്‌കൂളുകളെയും മദ്രസകളെയും വിദ്യാഭ്യാസ അവകാശ നിയമത്തിന് കീഴില്‍ കൊണ്ടുവരണം എന്ന ശിപാര്‍ശ അംഗീകരിച്ച് കൊടുക്കാനാവില്ലെന്ന് തഅ്‌ലീമി ബോര്‍ഡ് ചെയര്‍മാന്‍ മുജ്തബ ഫാറൂഖ് പറഞ്ഞു.