അയോദ്ധ്യ തർക്ക കേസിൽ സുപ്രീം കോടതി വിധിക്കെതിരെ അഖിലേന്ത്യാ മുസ്ലീം വ്യക്തിനിയമ ബോർഡ് (എ.ഐ.എം.പി.എൽ.ബി) പുനഃപരിശോധന ഹർജി സമർപ്പിക്കും. തങ്ങൾക്ക് വലിയ പ്രതീക്ഷയില്ലെങ്കിലും പുനഃപരിശോധന ഹർജി നൽകുമെന്ന് ജാമിയത്ത് ഉലമ-ഇ-ഹിന്ദ് പ്രസിഡന്റ് മൗലാന അർഷാദ് മദനി ഇന്ന് നടന്ന മുസ്ലീം വ്യക്തിനിയമ ബോർഡ് യോഗത്തിന് ശേഷം പറഞ്ഞു.
പള്ളിക്ക് അനുവദിക്കാൻ സുപ്രീംകോടതി കേന്ദ്രത്തോട് ആവശ്യപ്പെട്ട 5 ഏക്കർ ബദൽ സ്ഥലം നിരസിക്കാനും എ.ഐ.എം.പി.എൽ.ബി തീരുമാനിച്ചു. പള്ളിയുടെ ഭൂമി അല്ലാഹുവിന്റേതാണെന്നും ശരീഅത്ത് നിയമപ്രകാരം ഇത് ആർക്കും നൽകാനാവില്ലെന്നും എ.ഐ.എം.പി.എൽ.ബി സെക്രട്ടറി സഫറിയാബ് ജിലാനി ന്യൂഡൽഹിയിൽ ബോർഡ് യോഗത്തിന് ശേഷം മാധ്യമപ്രവർത്തകരോട് പറഞ്ഞു.
“പള്ളിക്ക് പകരമായി അയോധ്യയിൽ അഞ്ച് ഏക്കർ സ്ഥലം ഏറ്റെടുക്കേണ്ടെന്നും ബോർഡ് തീരുമാനിച്ചു. പള്ളിക്ക് ബദലാകാൻ ഈ സ്ഥലത്തിന് കഴിയില്ലെന്നാണ് ബോർഡിന്റെ അഭിപ്രായം, ”ജിലാനി കൂട്ടിച്ചേർത്തു.
“ഞങ്ങളുടെ പുനഃ പരിശോധന ഹർജി 100% നിരസിക്കുമെന്ന് ഞങ്ങൾക്കറിയാമെങ്കിലും, പുനഃ പരിശോധന ഹർജി സമർപ്പിക്കും. ഇത് ഞങ്ങളുടെ അവകാശമാണ്. ” അഖിലേന്ത്യാ മുസ്‌ലിം വ്യക്തി നിയമ ബോർഡിന്റെ (എ.ഐ.എം.പി.എൽ.ബി) യോഗം കഴിഞ്ഞിറങ്ങിയ ജാമിയത്ത് ഉലമ-ഇ-ഹിന്ദിന്റെ മൗലാന അർഷാദ് മദനി പറഞ്ഞു.
അയോദ്ധ്യ കേസിലെ സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ അഖിലേന്ത്യാ മുസ്‌ലിം വ്യക്തി നിയമ ബോർഡ് ഉന്നത കോടതിയുടെ വിധി പുനഃപരിശോധിക്കണോ എന്ന് തീരുമാനിക്കാൻ ശനിയാഴ്ച വിവിധ മുസ്‌ലിം കക്ഷികളുമായി ചർച്ച നടത്തി.
അഖിലേന്ത്യാ മുസ്‌ലിം വ്യക്തി നിയമ ബോർഡ് ജനറൽ സെക്രട്ടറി മൗലാന വാലി റഹ്മാനിയെ കക്ഷികൾ സന്ദർശിക്കുകയും അയോദ്ധ്യ പ്രശ്‌നത്തെക്കുറിച്ച് അദ്ദേഹത്തെ അറിയിക്കുകയും ചെയ്തുവെന്ന് ബോർഡ് സെക്രട്ടറി സഫറിയാബ് ജിലാനി പറഞ്ഞു. സുപ്രീംകോടതി തീരുമാനം മനസ്സിലാക്കാവുന്നതല്ലെന്നും അതിനാൽ പുനഃപരിശോധനക്ക് പോകേണ്ടതുണ്ടെന്നും അവർ പറഞ്ഞതായി സഫറിയാബ് ജിലാനി പറഞ്ഞു.
തെളിവുകളുടെ അടിസ്ഥാനത്തിൽ അയോദ്ധ്യ കേസിലെ സുപ്രീം കോടതി വിധി മാനിക്കുമെന്ന് ജാമിയത്ത് സ്പഷ്ടമാക്കിയതായി മൗലാന അർഷാദ് മദനി പറഞ്ഞു. എന്നാൽ വിധി മനസ്സിലാക്കാൻ കഴിയുന്നതിനും അപ്പുറമാണ് മൗലാന മദനി പറഞ്ഞു. ബാബറി പള്ളിയിൽ വിഗ്രഹങ്ങൾ സ്ഥാപിച്ചതും, പള്ളി പൊളിച്ചതും നിയമവിരുദ്ധമാണെന്ന് കോടതി അംഗീകരിച്ചു. “എന്നാൽ ഇതിന് ഉത്തരവാദിത്തപ്പെട്ടവർക്ക് അനുകൂലമായിരുന്നു കോടതി വിധി,” മൗലാന അർഷാദ് മദനി പറഞ്ഞു.
ബാബറിന്റെ ഭരണകാലത്ത് ഒരു ക്ഷേത്രം പൊളിച്ച് ബാബറി പള്ളി പണിതിട്ടില്ലെന്ന് കോടതി അംഗീകരിച്ചതായും മൗലാന അർഷാദ് മദനി പറഞ്ഞു.
സുപ്രീം കോടതി വിധി എല്ലാവരും ബഹുമാനിക്കണമെന്ന് നവംബർ മൂന്നിന്, മുസ്ലീം സംഘടനകളുടെ ഉന്നതാധികാരികൾ, സമുദായത്തിലെ പുരോഹിതന്മാർ, ബുദ്ധിജീവികൾ എന്നിവർ അയോദ്ധ്യ കേസ് സംബന്ധിച്ച് ഒരു യോഗം ചേർന്നു തീരുമാനിച്ചിരുന്നു.
അഖിലേന്ത്യാ മുസ്‌ലിം മജ്‌ലിസ് ഇ മുഷവരത്ത് പ്രസിഡന്റ് നവീദ് ഹമീദ് വിളിച്ചുചേർത്ത യോഗത്തിൽ പങ്കെടുത്തവർ അയോദ്ധ്യ കേസിലെ വിധിക്ക് ശേഷം എന്ത് വിലകൊടുത്തും സമാധാനവും ഐക്യവും നിലനിർത്തണമെന്ന് തീരുമാനിച്ചു.
Read more
ജാമിയത്ത് ഉലമ-ഇ-ഹിന്ദ് പ്രസിഡന്റ് അർഷാദ് മദനി, മുൻ ന്യൂനപക്ഷ കമ്മീഷൻ ചെയർപേഴ്‌സൺ വജാത്ത് ഹബീബുള്ള, മുൻ എംപി ഷാഹിദ് സിദ്ദിഖി, ജമാഅത്തെ ഇസ്ലാമി ഹിന്ദ് പ്രസിഡന്റ് സദത്തുല്ല ഹുസൈനി, പാർലമെന്റ് അംഗങ്ങളായ ഡോ. ജാവേദ്, ഇമ്രാൻ ഹസൻ എന്നിവരും പങ്കെടുത്തു.