ആർട്ടിക്കിൾ 370 ഭേദഗതി ചെയ്ത് ജമ്മു കശ്മീരിന്റെ പ്രത്യേക പദവി കേന്ദ്ര സർക്കാർ എടുത്തുകളയുകയും സംസ്ഥാനത്തെ രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളായി ഓഗസ്റ്റ് 5-ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ജമ്മു കശ്മീരിനെ കേന്ദ്ര ഭരണ പ്രദേശമാക്കി കൊണ്ടുള്ള ഔദ്യോഗിക പ്രഖ്യാപനം ഒക്ടോബർ 31-ന് ജമ്മുവിൽ നടക്കുന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്രമോദി നിർവഹിക്കും. പ്രഖ്യാപനം യാഥാർത്ഥ്യമാകുന്നതോടെ ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി നഷ്ടപ്പെട്ട് രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി മാറും, ജമ്മു കശ്മീരും ലഡാക്കും.
പ്രഖ്യാപനം യാഥാർത്ഥ്യമാകുമ്പോൾ ജമ്മു കശ്മീരിന് പുതിയ ലഫ്റ്റനന്‍റ് ഗവർണറും ലഡാക്കിന് പുതിയ അഡ്മിനിസ്ട്രേറ്ററും വരും. നിലവിലെ ഗവർണർ സത്യപാൽ മാലിക് തന്നെ ജമ്മു കശ്മീരിന്‍റെ ലഫ്. ഗവർണറാകും. ജമ്മു കശ്മീർ നിയമസഭ ഉള്ള കേന്ദ്രഭരണപ്രദേശമായി മാറുമ്പോൾ ലഡാക്ക് അഡ്മിനിസ്ട്രേറ്റർ ഭരണത്തിന് കീഴിലാകും.