'നിയമസഭ തിരഞ്ഞെടുപ്പിന് ജമ്മു കശ്മീർ സജ്ജം, സംസ്ഥാന പദവി തിരികെ നൽകും, സൈന്യത്തെ പിൻവലിക്കും'; അമിത് ഷാ

നിയമസഭ തിരഞ്ഞെടുപ്പിന് ജമ്മു കശ്മീർ സജ്ജമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. നിയമസഭ തിരഞ്ഞെടുപ്പ് നടത്തുന്നതിന് മുന്നോടിയായി സംസ്ഥാന പദവി തിരികെ നൽകും. പൊലീസിന് ക്രമസമാധാന ചുമതല തിരികെ നൽകും. സൈന്യത്തെ പിൻവലിക്കുമെന്നും അമിത് ഷാ പറഞ്ഞു.

അഫ്‌സപ അടക്കമുള്ള നിയമങ്ങളുടെ വ്യാപ്തി കുറക്കുന്ന വിധത്തിലുള്ള ഇടപെടലുകൾ ഉണ്ടാകും. ജമ്മു കശ്മീരിൽ ജനാധിപത്യം ഉറപ്പിക്കുമെന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാഗ്ദാനമാണെന്നും അത് നിറവേറ്റുമെന്നും അമിത് ഷാ പറഞ്ഞു. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ 70 ശതമാനം പ്രദേശങ്ങളിലും അഫ്‌സ്പ നീക്കം ചെയ്തിട്ടുണ്ടെന്ന് ഷാ നേരത്തെ പറഞ്ഞിരുന്നു.

സെപ്റ്റംബറിന് മുൻപ് ജമ്മു കശ്മീരിൽ തിരഞ്ഞെടുപ്പ് നടത്താനാണ് നീക്കം. നേരത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പിനൊപ്പം ജമ്മു കശ്മീരിലെ നിയമസഭ തെരഞ്ഞെടുപ്പ് നടത്തുമെന്നായിരുന്നു കേന്ദ്ര സർക്കാർ പറഞ്ഞിരുന്നത്. വേഗത്തിൽ തിരഞ്ഞെടുപ്പ് നടത്തണമെന്ന് സുപ്രീംകോടതി നിർദേശം നൽകിയിരുന്നു.

Read more

തിരഞ്ഞെടുപ്പ് നടത്തണമെങ്കിൽ ജമ്മു കശ്മീരിന് സംസ്ഥാന പദവി തിരികെ നൽകേണ്ടതുണ്ട്. ഇതിനായുള്ള നടപടികൾ പുരോഗമിക്കുകയാണ്. നിലവിൽ നിയമസഭ സസ്‌പെൻഡ് ചെയ്ത് കേന്ദ്രഭരണമാണ് ജമ്മു കശ്മീരിൽ ഏർപ്പെടുത്തിയിരിക്കുന്നത്.