ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടിയില്‍ സുപ്രീംകോടതിയുടെ സുപ്രധാന വിധി ഇന്ന്. ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടന ബഞ്ച് കേസില്‍ വിധി പറയും. ഭരണഘടനയുടെ 370ാം അനുഛേദം ഭേദഗതി ചെയ്തതിന്റെ ഭരണഘടന സാധുത ചോദ്യം ചെയ്തുള്ള പൊതുതാത്പര്യ ഹര്‍ജികളിലാണ് വിധി പറയുക.
ഭരണഘടന ബഞ്ചിലെ അംഗവും കശ്മീരി പണ്ഡിറ്റുമായ ജസ്റ്റിസ് സഞ്ജയ് കിഷന്‍ കൗള്‍ ഈ മാസം വിരമിക്കാനിരിക്കെയാണ് വിധി വരുന്നതെന്നതും ശ്രദ്ധേയമാണ്. 2019 ഓഗസ്റ്റിലാണ് ഭരണഘടന അനുഛേദം 370ല്‍ മാറ്റം വരുത്തിയത്. കൂടാതെ ജമ്മു കശ്മീര്‍, ലഡാക്ക് എന്നീ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളാക്കി വിഭജിക്കുകയും ചെയ്തിരുന്നു.
കേന്ദ്രത്തിന്റെ ഈ നടപടികള്‍ക്കെതിരെ 23 പൊതുതാത്പര്യ ഹര്‍ജികളാണ് കോടതിയില്‍ എത്തിയത്. 16 ദിവസം വാദം കേട്ട ശേഷമാണ് സുപ്രീം കോടതി ഇന്ന് വിധി പറയാനായി കേസ് മാറ്റിയത്. ഹര്‍ജികളിലെ വിധി കേന്ദ്ര സര്‍ക്കാരിന് ഏറെ നിര്‍ണ്ണായകമാണ്. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ നടപടി സ്വീകരിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് അധികാരമുണ്ടോ എന്നതുള്‍പ്പെടെയുള്ള വാദങ്ങള്‍ ഉയര്‍ന്നിരുന്നു.
കേന്ദ്ര നടപടി കശ്മീര്‍ ജനതയുമായി കൂടിയാലോചിക്കാതെയാണെന്ന് ഹര്‍ജിക്കാര്‍ ആരോപിച്ചു. എന്നാല്‍ മുപ്പതിലേറെ വര്‍ഷങ്ങളായി നീണ്ടുനിന്ന സംഘര്‍ഷങ്ങള്‍ ശമിച്ച് ജമ്മുകശ്മീര്‍ സാധാരണ നിലയിലേക്ക് എത്തിയെന്ന് കേന്ദ്ര സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചു. വിധിയുടെ പശ്ചാത്തലത്തില്‍ ജമ്മു കശ്മീരില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.