സിനിമ താരങ്ങള്‍ രാഷ്ട്രീയത്തിലിറങ്ങുന്നത് രാഷ്ട്രീയക്കാരേക്കാള്‍ പോപ്പുലാരിറ്റി അവര്‍ക്ക് ഉള്ളതിനാലാണെന്നും അത് പാര്‍ട്ടികള്‍ക്ക് ഗുണകരമാകുന്നതിനാലാണ് താരങ്ങളെ രാഷ്ട്രീയ പാര്‍ട്ടികള്‍ ഉള്‍ക്കൊള്ളുന്നതെന്നും മുതിര്‍ന്ന ബോളിവുഡ് താരവും രാജ്യസഭ എംപിയുമായ ജയ ബച്ചന്‍. താരങ്ങളോളം പോപ്പുലാരിറ്റിയുള്ള ഏക രാഷ്ട്രീയക്കാരന്‍ നരേന്ദ്ര മോദി മാത്രമാണെന്നും സമാജ് വാദി പാര്‍ട്ടി എംപിയായ ജയ ബച്ചന്‍ പറഞ്ഞു. ബോളിവുഡ് സൂപ്പര്‍ താരം അമിതാബ് ബച്ചന്റെ ഭാര്യ കൂടിയായ ജയ ബച്ചന്‍ 2004ല്‍ ആണ് രാജ്യസഭ എംപിയായി പാര്‍ലമെന്റിലെത്തി തുടങ്ങിയത്. ഇന്ത്യ ടിവിയോട് സംസാരിക്കവെയാണ് ജയ ബച്ചന്‍ താരങ്ങളുടെ രാഷ്ട്രീയ പ്രവേശനത്തെ കുറിച്ച് സംസ്ാരിച്ചത്.
”നടി നടന്മാരും അഭിലാഷങ്ങളുള്ള മനുഷ്യരാണ്, ഒരു നടനെന്ന നിലയില്‍ വിജയം നേടിയതിനു ശേഷം, നിങ്ങള്‍ ആളുകള്‍ക്ക് വേണ്ടി എന്തെങ്കിലും ചെയ്യാന്‍ ആഗ്രഹിക്കുന്നു… നിങ്ങള്‍ ഒരു സിനിമാ നടനെ ഉപയോഗിക്കുന്നത് ആള്‍ക്കാര്‍ കൂടുമെന്ന് ഉറപ്പുള്ളത് കൊണ്ടാണ്. ഇത് പറയുന്നതിന് എന്നോട് ക്ഷമിക്കൂ, നിങ്ങള്‍ അറിയപ്പെടുന്ന വ്യക്തിയല്ലെങ്കില്‍ (ആപ്കോ ദേഖ്നേ ചാര്‍ ആദ്മി ഭി നഹി ആഗെ) നിങ്ങളെ കാണാന്‍ നാല് പേര്‍ പോലും വരില്ല. എന്നാല്‍ ഒരു സിനിമാ നടന്‍, ഒരു ചെറിയ നടന്‍ പോലും വന്ന് നില്‍ക്കുകയാണെങ്കില്‍ പ്രേക്ഷകര്‍ അദ്ദേഹത്തെ കാണാന്‍ വരും. അവര്‍ നിങ്ങള്‍ക്ക് വോട്ട് നല്‍കിയാലും ഇല്ലെങ്കിലും, അത് അവരുടെ ഇഷ്ടമാണ്, പക്ഷേ അവര്‍ തീര്‍ച്ചയായും നിങ്ങളെ കാണാന്‍ വരും. രാഷ്ട്രീയക്കാര്‍ ജനക്കൂട്ടം അവരെ ശ്രദ്ധിക്കണമെന്ന് ആഗ്രഹിക്കുന്നവരാണ്. പക്ഷേ അതിന് ആദ്യം അവര്‍ നിങ്ങളെ കാണാന്‍ വരണം, അതിനുശേഷം മാത്രമേ അവര്‍ക്ക് നിങ്ങളെ പറയുന്നത് കേട്ടുതുടങ്ങൂ.
നിലവില്‍ താരങ്ങള്‍ രാഷ്ട്രീയ വിമര്‍ശനത്തിന് തയ്യാറാകാതെ പ്രീണനരാഷ്ട്രീയം പയറ്റുന്നുവെന്ന ചോദ്യത്തിനും ജയ ബച്ചന് മറുപടി ഉണ്ടായിരുന്നു. ഭയപ്പെടാതെ രാഷ്ട്രീയ പാര്‍ട്ടികളെ വിമര്‍ശിക്കാനും അഭിപ്രായങ്ങള്‍ പങ്കുവെക്കുവാനും താരങ്ങള്‍ക്ക് എങ്ങനെ കഴിയുമെന്ന ചോദ്യത്തിന് അത് ചെയ്യുന്നത് പറയുന്നതത് പോലെ എളുപ്പമല്ലെന്നാണ് ജയ പറയുന്നത്.
എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അതായത് ഇഡി ഗേറ്റിന് മുന്നില്‍ വന്നുനില്‍ക്കുന്നത് അത്ര സുഖകരമായ കാര്യമല്ല. നിങ്ങള്‍ എല്ലാ നികുതികളും അടച്ച് എല്ലാ നിയമങ്ങളും പാലിച്ചാലും ഇഡി നിങ്ങളുടെ തലയ്ക്ക് മുകളില്‍ അകപ്പെടുത്താന്‍ നില്‍ക്കുന്നുവെന്ന ചിന്ത തലയില്‍ കേറിയാല്‍ നിങ്ങള്‍ എന്ത് സൃഷ്ടിപരമായ ജോലി ചെയ്യും? 24 മണിക്കൂറും സംസാരിക്കുന്നതിന് മുമ്പ് നിങ്ങള്‍ ചിന്തിക്കും. എനിക്ക് അത്തരം ഭയങ്ങളൊന്നുമില്ല, പക്ഷേ സെലിബ്രിറ്റികള്‍ നേരിടുന്ന ഒരു സ്ഥിരം പ്രശ്നമാണിതെന്ന് എനിക്കറിയാം, കായിക താരങ്ങള്‍ അടക്കം എല്ലാ ഫീല്‍ഡിലേയും കാര്യമിതാണ്.
ചലച്ചിത്ര താരങ്ങള്‍ അടക്കം എല്ലാവരും എന്തെങ്കിലും പറയുന്നതിന് മുമ്പ് പലവട്ടം ചിന്തിക്കുന്നത് ഇത്തരം ഭയങ്ങള്‍ മൂലമാണെന്നാണ് ജയ ബച്ചന്‍ പറയുന്നത്. കഴിഞ്ഞ മാസം പാര്‍ലമെന്റില്‍ നടത്തിയ പ്രസംഗത്തില്‍, പ്രതിസന്ധിയിലായിരിക്കുന്ന സിനിമാ വ്യവസായത്തോട് കുറച്ച് ‘കരുണ’ കാണിക്കണമെന്ന് ജയ ബച്ചന്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ജിഎസ്ടി എന്ന വിഷയം മാറ്റിവെച്ചാലും ഈ കാര്യങ്ങള്‍ കാണാതിരിക്കരുത്. എല്ലാ സിംഗിള്‍ സ്‌ക്രീനുകളും (തിയേറ്ററുകള്‍) അടച്ചുപൂട്ടുകയാണ്. എല്ലാം വളരെ ചെലവേറിയതായി മാറിയതിനാല്‍ ആളുകള്‍ സിനിമാ തിയറ്ററുകളിലേക്ക് പോകുന്നില്ലെന്നും ഒരുപക്ഷേ നിങ്ങള്‍ ഈ വ്യവസായത്തെ മൊത്തത്തില്‍ ഇല്ലാതാക്കാന്‍ ആഗ്രഹിക്കുന്നുണ്ടാകാമെന്നും അവര്‍ പറഞ്ഞിരുന്നു.