കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ തമിഴ്‌നാട് സർക്കാർ ജല്ലിക്കെട്ട് പരിപാടികൾക്കായി പ്രത്യേക മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. പരമാവധി 150 കാണികളെ അല്ലെങ്കിൽ സീറ്റിംഗ് കപ്പാസിറ്റിയുടെ പകുതി പേരെ മാത്രമേ അനുവദിക്കൂ എന്ന് സർക്കാർ അറിയിച്ചു. ജല്ലിക്കെട്ടിൽ പങ്കെടുക്കാൻ വാക്സിനേഷൻ സർട്ടിഫിക്കറ്റും 48 മണിക്കൂറിനുള്ളിലുള്ള നെഗറ്റീവ് ആർ ടി പി സി ആർ ടെസ്റ്റ് റിപ്പോർട്ടും സംസ്ഥാന സർക്കാർ നിർബന്ധമാക്കിയിട്ടുണ്ട്.
തമിഴ്‌നാട്ടിലെ കോവിഡ് സാഹചര്യം കാരണം ഈ മാസം അവസാനം നടത്താനിരുന്ന സംസ്ഥാനത്തെ യൂണിവേഴ്സിറ്റി സെമസ്റ്റർ പരീക്ഷകൾ ഇന്ന് അനിശ്ചിതകാലത്തേക്ക് മാറ്റിവെച്ചിരുന്നു. മുഖ്യമന്ത്രി എം.കെ സ്റ്റാലിനുമായി കൂടിയാലോചിച്ചാണ് തീരുമാനമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി കെ പൊൻമുടി പറഞ്ഞു.
“കോവിഡ് കേസുകളുടെ എണ്ണം വർദ്ധിക്കുന്നതിനാൽ എല്ലാ സർവകലാശാലാ പരീക്ഷകളും അനിശ്ചിതകാലത്തേക്ക് മാറ്റിവെയ്ക്കുകയാണ്. പുതുക്കിയ ഷെഡ്യൂൾ പിന്നീട് പ്രഖ്യാപിക്കും,” അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു. നിലവിൽ അധ്യയന അവധിക്ക് കോളജുകൾ അടച്ചിട്ടിരിക്കുകയാണെന്നും ഏതെങ്കിലും സ്ഥാപനം തുറന്നു പ്രവർത്തിക്കുന്നതായി പരാതിയുണ്ടെങ്കിൽ അടച്ചുപൂട്ടാൻ ആവശ്യപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തമിഴ്‌നാട്ടിൽ ഞായറാഴ്ച 12,895 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 12 പേരാണ് കൊറോണ ബാധിച്ച് മരിച്ചത്. ഇതോടെ സംസ്ഥാനത്തെ ആകെ മരണസംഖ്യ 36,855 ആയി. അതേസമയം, കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, തമിഴ്‌നാട്ടിൽ ഇതുവരെ 185 ഒമൈക്രോൺ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.