നിയമസഭാ തെരഞ്ഞെടുപ്പിലെ തോൽവി; ജാർഖണ്ഡ്‌ ബിജെപി അധ്യക്ഷൻ രാജിവച്ചു

ജാര്‍ഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പിലെ തോൽവിക്ക് പിന്നാലെ ബിജെപി സംസ്ഥാന അധ്യക്ഷൻ  രാജിവെച്ചു. നിയമസഭാ തെരഞ്ഞെടുപ്പിൽ പാര്‍ട്ടിയുടെ പരാജയത്തിൻ്റെ ഉത്തരാവാദിത്തം ഏറ്റെടുത്താണ് സംസ്ഥാന അധ്യക്ഷൻ ലക്ഷ്മൺ ഗിലുവയുടെ രാജി. ഭരണം നഷ്ടപ്പെട്ടതിനു പുറമേ മുതിർന്ന നേതാക്കളുടെ തോൽവിയും ബിജെപിക്ക് ഇരട്ടി പ്രഹരമായി.

ജാര്‍ഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പിൽ ലക്ഷ്മൺ ഗിലുവ ചക്രദാര്‍പൂര്‍ മണ്ഡലത്തിൽ മത്സരിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു. ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച നേതാവ് സുക്രാം ഒറൗണാണ് ഈ മണ്ഡലത്തിൽ വിജയിച്ചത്. ബിജെപി സംസ്ഥാന അധ്യക്ഷനു പുറമേ മുഖ്യമന്ത്രി രഘുബര്‍ ദാസ്, സ്പീക്കർ, മന്ത്രിമാർ എന്നിവരും തെരഞ്ഞെടുപ്പിൽ പരാജയം നേരിട്ടിരുന്നു. ജംഷെഡ്പൂര്‍ ഈസ്റ്റ് മണ്ഡലത്തിൽ മത്സരിച്ച രഘുബര്‍ ദാസിനെ ബിജെപി വിമതനായ സരയു റായിയാണ് പരാജയപ്പെടുത്തിയത്.

ജാര്‍ഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പിൽ ജെഎംഎം-കോൺഗ്രസ്-ആര്‍ജെഡി സഖ്യമാണ് നേട്ടം കൈവരിച്ചത്. ആകെയുള്ള 81 സീറ്റിൽ 47 സീറ്റുകളിലാണ് മഹാസഖ്യം വിജയിച്ചത്. ഭരണകക്ഷിയായ ബിജെപി 25 സീറ്റുകളിലേക്ക് ഒതുങ്ങി. സംസ്ഥാനത്തെ ഏറ്റവും വലിയ ഒറ്റകക്ഷി ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ചയാണ്. അതേസമയം ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയായി ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച നേതാവ് ഹേമന്ത് സോറൻ ഞായറാഴ്ച സത്യപ്രതിജ്ഞ ചെയ്യും. കഴിഞ്ഞ ദിവസം സര്‍ക്കാര്‍ രൂപീകരിക്കാനുള്ള അവകാശവാദം ഉന്നയിച്ച് ഹേമന്ത് സോറൻ ഗവര്‍ണറെ സന്ദര്‍ശിച്ചിരുന്നു.