കര്‍ണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് നിരോധനം ശരിവെച്ച സാഹചര്യത്തില്‍ കര്‍ണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഋതു രാജ് അവസ്തിയുള്‍പ്പടെയുള്ളവര്‍ക്ക് വധഭീഷണിയെന്ന് റിപ്പോര്‍ട്ട്. ഇവരെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതിനെ തുടര്‍ന്ന് പൊലീസ് കേസെടുത്തു.
അഡ്വക്കേറ്റ് ഉമാപതിയാണ് പരാതി നല്‍കിയത്. ചീഫ് ജസ്റ്റിസ് അവസ്തിയുള്‍പ്പടെയുള്ളവരെ വധിക്കുമെന്ന് പരസ്യമായി ഭീഷണിപ്പെടുത്തുന്ന വാട്സാപ്പ് വീഡിയോ തനിക്ക് ലഭിച്ചുവെന്ന് പരാതിക്കാരന്‍ പറഞ്ഞു. രാവിലെ നടക്കാനിറങ്ങിയ ജാര്‍ഖണ്ഡ് ജഡ്ജി കൊല്ലപ്പെട്ട സംഭവത്തെ സൂചിപ്പിച്ചാണ് ഇയാള്‍ ചീഫ് ജസ്റ്റിസിനെതിരെയും വധഭീഷണി മുഴക്കിയിരിക്കുന്നത്.
കര്‍ണാടക ചീഫ് ജസ്റ്റിസിന്റെ പ്രഭാത നടത്തം ഏത് വഴിയാണെന്ന് ജനങ്ങള്‍ക്കറിയാമെന്നും വീഡിയോയില്‍ ഇയാള്‍ പരാമര്‍ശിക്കുന്നു. അവസ്തി കുടുംബത്തോടൊപ്പം ഉടുപ്പി മഠത്തില്‍ പോയതൊക്കെയും വീഡിയോയിലൂടെ പറയുന്നുണ്ട്. ഹിജാബ് വിഷയത്തിലെ കോടതി വിധിയെയും വളരെ മോശമായ രീതിയില്‍ വധഭീഷണി മുഴക്കിയ ഇയാള്‍ പറയുന്നുണ്ടെന്നും പരാതിക്കാരന്‍ അറിയിച്ചു.
കര്‍ണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് നിരോധനം കര്‍ണാടക ഹൈക്കോടതി ശരിവച്ചിരുന്നു. ചീഫ് ജസ്റ്റിസ് ഋതുരാജ് അവസ്തി, ജസ്റ്റിസ് കൃഷ്ണ എസ് ദീക്ഷിത്, ജസ്റ്റിസ് ജെഎം ഖാസി എന്നിവരടങ്ങുന്ന വിശാല ബെഞ്ചാണ് വിധി പറഞ്ഞത്. ഇസ്ലാം മതവിശ്വാസ പ്രകാരം ഹിജാബ് ധരിക്കുന്നത് അനിവാര്യമായ ആചാരമല്ലെന്നായിരുന്നു കോടതിയുടെ നിരീക്ഷണം.