ജിഗ്‌നേഷ് മേവാനിയ്ക്ക് ആറ് മാസം തടവ്

ഗുജറാത്തിലെ കോണ്‍ഗ്രസ് വര്‍ക്കിങ് പ്രസിഡന്റും എംഎല്‍എയുമായ ജിഗ്‌നേഷ് മേവാനിക്കും മറ്റ് 18 പേര്‍ക്കും അഹമ്മദാബാദ് കോടതി 6 മാസം തടവ് വിധിച്ചു. 2016 ല്‍ റോഡ് തടഞ്ഞു നടത്തിയ പ്രക്ഷോഭത്തിന്റെ പേരിലാണ് ഇവര്‍ക്കെതിരെ കേസെടുത്തിരുന്നത്.

ഗുജറാത്ത് സര്‍വകലാശാലയുടെ നിയമഭവന്‍ കെട്ടിടത്തിന് അംബേദ്കറുടെ പേരിടണമെന്ന് ആവശ്യപ്പെട്ട് ഗുജറാത്ത് യൂണിവേഴ്സിറ്റി പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ രാഷ്ട്രീയ ദലിത് അധികാര്‍ മഞ്ചിന്റെ നേതൃത്വത്തിലായിരുന്നു സമരം.

മേവാനിയാണ് സമരത്തിന് നേതൃത്വം നല്‍കിയത്. കലാപം സൃഷ്ടിക്കല്‍, നിയമവിരുദ്ധമായി സംഘം ചേരല്‍ തുടങ്ങിയ കുറ്റങ്ങളാണ് മേവാനിക്കും കൂടെയുണ്ടായിരുന്നവര്‍ക്കും എതിരെ ചുമത്തിയത്. അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് പി എന്‍ ഗോസ്വാമിയാണ് വിധി പ്രസ്താവിച്ചത്. ആറു മാസം തടവും 700 രൂപ പിഴയുമാണ് കോടതി വിധിച്ചത്.

Read more

വദ്ഗാമില്‍ നിന്നുള്ള സ്വതന്ത്ര എം.എല്‍.എയാണ് മേവാനി. വിധിയോട് മേവാനി പ്രതികരിച്ചതിങ്ങനെ- ‘ഗുജറാത്ത് സര്‍ക്കാര്‍ ബലാത്സംഗികളെ ജയിലില്‍ നിന്ന് മോചിപ്പിച്ചു. അവരെ ഹാരമണിയിച്ചു. അവരുടെ സ്വഭാവം വളരെ മികച്ചതാണെന്ന് പറഞ്ഞു. വിധിയെ ഞങ്ങള്‍ സ്വാഗതം ചെയ്യുന്നു’.