തിരഞ്ഞെടുപ്പില്‍ ഗുജറാത്തിലുണ്ടായ സമ്പൂര്‍ണ തോല്‍വിക്ക് പിന്നാലെ കോണ്‍ഗ്രസിന്റെ നയങ്ങള്‍ക്കെതിരെയും നേതൃത്വത്തിനെതിരെയും പൊട്ടിത്തെറിച്ച് ജിഗ്‌നേഷ് മേവാനി. തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് തന്നെ കാര്യക്ഷമമായി ഉപയോഗപ്പെടുത്തിയില്ലെന്ന് അദേഹം വെളിപ്പെടുത്തി. ബി.ജെ.പിക്കെതിരായ മുഖമായിട്ടുപോലും തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് തന്നെ വേണ്ടുംവിധം ഉപയോഗിച്ചില്ല.
നാമപത്രിക സമര്‍പ്പിക്കുന്നതിന് മുമ്പേ തന്നെ കോണ്‍ഗ്രസിന് കടുത്ത ബി.ജെ.പി വിരുദ്ധനും ആളുകളുടെ വിശ്വാസം പിടിച്ചു പറ്റാന്‍ സാധിക്കുന്ന എന്നെ പോലുള്ള ഒരു മുഖമുള്ളപ്പോള്‍ എന്തുകൊണ്ടാണ് ഉപയോഗിക്കാതിരുന്നത് എന്ന് മനസിലാകുന്നില്ല. ദലിതതെയും പാവപ്പെട്ടവരെയും കൂടുതല്‍ ഊര്‍ജസ്വലരാക്കാന്‍ പൊതുയോഗങ്ങളില്‍ എന്നെ പോലുള്ളവരെ പങ്കെടുപ്പിക്കേണ്ടിയിരുന്നു.
ഗുജറാത്തിലെ മുഖ്യ പ്രചാരകനായി മേവാനിയെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നുവെങ്കിലും വടക്കന്‍ ഗുജറാത്തിലെ ചില മണ്ഡലങ്ങളിലും അഹ്‌മദാബാദിലെ വെജല്‍പൂര്‍ മണ്ഡലത്തിലും നടന്ന പൊതുയോഗങ്ങളില്‍ മാത്രമാണ് മേവാനിയെ കോണ്‍ഗ്രസ് പങ്കെടുപ്പിച്ചത്. ഇതില്‍ ഭൂരിഭാഗം യോഗങ്ങളും മേവാനി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചതിന് ശേഷം സംഘടിപ്പിച്ചതാണ് അദേഹത്തെ ചൊടിപ്പിച്ചത്.
Read more
വദ്ഗാം മണ്ഡലത്തില്‍ ബി.ജെ.പിയുടെ മണിഭായ് വഖേലയെ മേവാനി നേരിയ വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് പരാജയപ്പെടുത്തിയത്. 2017ല്‍ ഗുജറാത്തില്‍ 77 സീറ്റുകള്‍ നേടിയ കോണ്‍ഗ്രസിന് ഇക്കുറി 17 സീറ്റുകള്‍ മാത്രമാണ് നേടാന്‍ സാധിച്ചത്. 156 സീറ്റുകള്‍ നേടി ബിജെപി തങ്ങളുടെ കരുത്ത് തെളിയിച്ചപ്പോള്‍ പത്തു ശതമാനം വോട്ടുപോലും നേടാന്‍ കോണ്‍ഗ്രസിനായിരുന്നില്ല.