ബിഹാറിൽ വികാസ് ശീൽ ഇൻസാൻ പാർട്ടി തലവനും മുൻ മന്ത്രിയുമായ മുകേഷ് സഹാനിയുടെ അച്ഛനെ മർദിച്ച് കൊന്ന സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. സിസിടിവി ദൃശ്യങ്ങളിലുള്ള രണ്ട് പേരെയാണ് ബിഹാർ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇവരെ ചോദ്യം ചെയ്യൽ തുടരുകയാണ്.
ജിതൻ സഹാനിയുടെ കൊലപാതകത്തിൽ നടപടി ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി അടക്കമുള്ള നേതാക്കൾ രംഗത്തെത്തിയിരുന്നു. ജിതിൻ സാഹനിയുടെ കൊലപാതകം വേദനാജനകമാണെന്നും ബീഹാർ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്നും കുറ്റക്കാർക്ക് ശിക്ഷ ഉറപ്പാക്കണമെന്നും രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. അതേസമയം കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും ആവശ്യപ്പെട്ടു.
ഇന്ന് രാവിലെയാണ് ജിതൻ സഹാനിയെ ബീഹാറിലെ ദർഭംഗ ജില്ലയിലെ ബിറൗൾ പോലീസ് സ്‌റ്റേഷന് പരിധിയിലുള്ള ജിരാത് ഗ്രാമത്തിലെ വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. പൊലീസ് സ്ഥലത്തെത്തിയപ്പോഴാണ് മുൻ മന്ത്രിയുടെ പിതാവിൻ്റെ മൃതദേഹം വികൃതമാക്കിയ നിലയിൽ കണ്ടെത്തിയത്. മൂർച്ചയേറിയ ആയുധം ഉപയോഗിച്ചാണ് ജിതൻ സഹാനിയെ കൊലപ്പെടുത്തിയതെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു.