ജമ്മു കശ്മീരിലെ പുൽവാമ ജില്ലയിൽ ഞായറാഴ്ച തീവ്രവാദി ആക്രമണത്തിൽ ഒരു സ്‌പെഷ്യൽ പൊലീസ് ഓഫീസറും (എസ്‌പിഒ) ഭാര്യയും കൊല്ലപ്പെട്ടു. തീവ്രവാദികൾ ഇരുവരുടെയും വീട്ടിൽ പ്രവേശിച്ച് വെടിയുതിർക്കുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ ഇവരുടെ മകൾക്ക് പരിക്കേറ്റു.
അവന്തിപോരയിലെ ഹരിപരിഗം നിവാസിയായിരുന്നു കൊല്ലപ്പെട്ട ഫയാസ് അഹമദ് രാത്രി 11 മണിയോടെ തീവ്രവാദികൾ വീട്ടിലേക്ക് കടന്ന് കുടുംബത്തിന് നേരെ വെടിവെയ്ക്കുകയായിരുന്നുവെന്ന് അധികൃതർ പറഞ്ഞു.
ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും എസ്‌പിഒയും ഭാര്യ രാജ ബീഗവും മരിച്ചു, മകൾ റാഫിയ ചികിത്സയിലാണ്.
തീവ്രവാദികളെ കണ്ടെത്താൻ തങ്ങൾ തിരച്ചിൽ തുടരുകയാണെന്ന് സുരക്ഷാ സേന അറിയിച്ചു.
ജമ്മുവിലെ വ്യോമസേനാ താവളത്തിൽ തീവ്രവാദികൾ ആക്രമണം നടത്തിയ ദിവസം തന്നെയാണ് സംഭവം. ഇന്ത്യൻ സൈനിക സ്ഥാപനത്തിന് നേരെ ഉണ്ടാകുന്ന ആദ്യത്തെ ഡ്രോൺ ആക്രമണമാണ് ഇന്നലെ നടന്നത്.
പാകിസ്ഥാന്റെ അതിർത്തിയിൽ നിന്ന് 14 കിലോമീറ്റർ അകലെയുള്ള ഉയർന്ന സുരക്ഷാ വിമാനത്താവളത്തിൽ പുലർച്ചെ രണ്ട് മണിക്ക് മുമ്പ് ഉണ്ടായ സ്ഫോടനത്തിൽ രണ്ട് വ്യോമസേനാ ഉദ്യോഗസ്ഥർക്ക് നിസാര പരിക്കേറ്റു.