ജവഹർലാൽ നെഹ്റു സർവകലാശാലയിൽ വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും നേരെ ഉണ്ടായ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് വലതുപക്ഷ സംഘടനയായ ഹിന്ദു രക്ഷാദൾ. സംഘടനാ നേതാവ് പിങ്കി ഭയ്യ എന്നറിയപ്പെടുന്ന ഭൂപേന്ദ്ര തോമര്‍ ട്വിറ്ററിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
“”ജെ.എന്‍.യു കമ്മ്യൂണിസ്റ്റുകളുടെ ഒരു താവളമാണ്. അത്തരം കേന്ദ്രങ്ങള്‍ ഞങ്ങള്‍ക്ക് സഹിക്കാന്‍ കഴിയില്ല. അവര്‍ നമ്മുടെ മതത്തേയും രാജ്യത്തേയും അപമാനിക്കുകയാണ്. ദേശവിരുദ്ധ, ഹിന്ദുവിരുദ്ധ പ്രവര്‍ത്തനങ്ങള്‍’ ജെ.എന്‍.യുവില്‍ നടക്കുന്നുണ്ട്. അത് തടയാനാണ് ഹിന്ദു രക്ഷാദള്‍ പ്രവര്‍ത്തകര്‍ ഞായറാഴ്ച രാത്രി ജെ.എന്‍.യു കാമ്പസിലേക്ക് അതിക്രമിച്ചു കയറിയത്””- വീഡിയോയില്‍ പ്രത്യക്ഷപ്പെട്ട് സംഘടനാ നേതാവ് ഭൂപേന്ദ്ര തോമര്‍ പറഞ്ഞു.
രാജ്യത്തോടുള്ള അവരുടെ മനോഭാവം ദേശവിരുദ്ധമാണ്. ദേശ വിരുദ്ധ പ്രവത്തികള്‍ ശ്രദ്ധയില്‍ പെട്ടാല്‍ ഭാവിയിലും ഞങ്ങള്‍ മറ്റു സർവകലാശാലകളിലും ഇത് തന്നെ ചെയ്യും.’ ഭൂപേന്ദ്ര തോമര്‍ വ്യക്തമാക്കി. ജെ.എന്‍.യുവില്‍ സംഭവത്തിന്റെ മുഴുവന്‍ ഉത്തരവാദിത്വവും ഞങ്ങള്‍ ഏറ്റെടുക്കുന്നുവെന്നും തോമര്‍ പറഞ്ഞു.
ഞായറാഴ്ച രാത്രിയായിരുന്നു ജെ.എന്‍.യു കേന്ദ്ര സര്‍വകലാശാലയില്‍ ഫീസ് വര്‍ദ്ധനയ്‌ക്കെതിരെ പ്രതിഷേധിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് നേരെ അക്രമം ഉണ്ടായത്. മുഖംമൂടി ധരിച്ചെത്തിയ അന്‍പതോളം പേരാണ് വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും നേരെ അക്രമം അഴിച്ചു വിട്ടത്. ജെ.എന്‍.യു സ്റ്റുഡന്റ്‌സ് യൂണിയന്‍ പ്രസിഡന്റ് ഐഷി ഗോഷും ജനറല്‍ സെക്രട്ടറി സതീഷുമടക്കം നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് അക്രമത്തില്‍ ഗുരുതരമായി പരിക്കേറ്റു.
ചുറ്റികയും മറ്റു മാരകായുധങ്ങളുമായി മുഖംമൂടിയണിഞ്ഞ സംഘമാണ് വിദ്യാര്‍ത്ഥികളെയും അധ്യാപകരെയും മർദ്ദിച്ചത്. സംഭവത്തിൽ പൊലീസ് ഇതുവരെ ഒരു അക്രമകാരിയേയും അറസ്റ്റ് ചെയ്തിട്ടില്ല. എന്നാല്‍ ആക്രമണത്തില്‍ പരിക്കേറ്റ ഐഷി ഘോഷടക്കമുള്ള വിദ്യാര്‍ത്ഥി യൂണിയന്‍ നേതാക്കൾക്കെതിരെ അക്രമം നടത്തിയതിന് പൊലീസ് കേസടുത്തിട്ടുണ്ട്.