ഡല്‍ഹി കലാപത്തിൽ പങ്കുണ്ടെന്ന് ആരോപിച്ച് പൗരത്വ സമര നേതാവും ജെ.എൻ.യു ഗവേഷക വിദ്യാർത്ഥിയുമായ ഷ൪ജീൽ ഇമാമിനെ ഡല്‍ഹി പൊലീസ് സ്‌പെഷ്യൽ സെൽ അറസ്റ്റ് ചെയ്തു. യു.എ.പി.എ പ്രകാരമാണ് അറസ്റ്റ്. കലാപത്തിലെ പങ്ക് സംബന്ധിച്ച ചോദ്യം ചെയ്യലിനായി ഷർജീലിനെ ചൊവ്വാഴ്ച ഡല്‍ഹിയിൽ എത്തിച്ചിരുന്നു.
കേസിൽ ജുലൈ 21- ന് ഷർജീലിനെ അസമിൽ നിന്ന് ഡല്‍ഹിയിൽ എത്തിക്കാൻ തിരുമാനിച്ചിരുന്നെങ്കിലും കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഗുവാഹട്ടിയിലെ ജയിലിൽ തന്നെ ഇയാളെ താമസിപ്പിച്ചു. രോഗം ഭേദമായ പിന്നാലെയാണ് ചൊവ്വാഴ്ച ഡല്‍ഹിയിൽ എത്തിച്ചത്.
അതിനിടെ വിവിധ സംസ്ഥാനങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത കേസുകൾ ഒരിടത്തേക്ക് മാറ്റണം എന്നാവശ്യപ്പെട്ട് നൽകിയ ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ഹർജിയിൽ നിലപാട് അറിയിക്കാൻ ഷര്‍ജീലിനെതിരെ കേസെടുത്ത സംസ്ഥാനങ്ങളോട് സുപ്രീംകോടതി ആവശ്യപ്പെട്ടിരുന്നു. ഡൽഹിക്ക് പുറമെ യുപി, അസം, മണിപ്പൂ൪, അരുണാചൽ പ്രദേശ് എന്നീ സംസ്ഥാനങ്ങളാണ് ഷ൪ജീലിനെതിരെ രാജ്യദ്രോഹമടക്കമുള്ള വകുപ്പുകൾ ചേര്‍ത്ത് കേസെടുത്തിരുന്നത്.