ഛത്തീസ്ഗഢില്‍ മാധ്യമപ്രവർത്തകൻ കൊല്ലപ്പെട്ടു; മൃതദേഹം സെപ്റ്റിക് ടാങ്കിനുളിൽ; സുഹൃത്തും ബന്ധുവും അറസ്റ്റിൽ

ഛത്തീസ്ഗഢിലെ മാധ്യമപ്രവര്‍ത്തകന്‍ മുകേഷ് ചന്ദ്രാകറിന്റെ കൊലപാതകത്തിൽ ബന്ധു ഉൾപ്പടെ മൂന്നു പേർ അറസ്റ്റിൽ. റോഡ് നിർമാണത്തിൽ കോടി കണക്കിന് രൂപയുടെ അഴിമതി ഉണ്ടെന്ന് മുകേഷ് കണ്ടെത്തിയിരുന്നു. അതിന് ശേഷം മുകേഷ് കൊല്ലപ്പെടുകയും മൃതദേഹം സെപ്റ്റിക് ടാങ്കില്‍ നിന്ന് കണ്ടെത്തുകയും ചെയ്തു.

ജനുവരി ഒന്നിന് മുഖ്യ പ്രതിയായ കോണ്‍ട്രാക്ടര്‍ സുരേഷ് ചന്ദ്രാകറുമായി മുകേഷ് കൂടിക്കാഴ്ച നടത്തിയിരുന്നു. അതിനു ശേഷമാണു മുകേഷിന്റെ ഫോൺ സ്വിച്ച് ഓഫ് ആകുകയും, മുകേഷിനെ കാണാനില്ല എന്ന സഹോദരന്‍ യുകേഷ് പോലീസില്‍ പരാതി നൽകിയതും.

രണ്ടാം ദിവസത്തിന് ശേഷമാണ് മുകേഷിന്റെ മൃതദേഹം സുരേഷിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്തെ സെപ്റ്റിക് ടാങ്കിൽ നിന്ന് കണ്ടെത്തിയത്. റോഡ് നിർമാണത്തിലെ അഴിമതി മുകേഷ് കണ്ടെത്തിയെന്നും അതുമായി ബന്ധപ്പെട്ട് ബസ്തര്‍ മേഖലയിലെ കോണ്‍ട്രാക്ടര്‍മാരാണ് ഈ കൊലപാതകത്തിന് പിന്നിലെന്ന് പോലീസ് കണ്ടെത്തി. കൊലപാതകത്തിലെ പ്രധാന സൂത്രധാരനായ സുരേഷ് ഒളിവിലാണ്.