'കറുപ്പിനെ ഭയം'; അമിത് ഷായും യോഗിയും പങ്കെടുക്കുന്ന പരിപാടിയില്‍ നിന്ന് മാധ്യമപ്രവര്‍ത്തകനെ പുറത്താക്കി

ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും പങ്കെടുക്കുന്ന പരിപാടി റിപ്പോര്‍ട്ട് ചെയ്യാനെത്തിയ എഎന്‍ഐ യുടെ മാധ്യമപ്രവര്‍ത്തകരെ പരിപാടി നടക്കുന്ന വേദിയില്‍ നിന്നും പുറത്താക്കി. കറുത്ത ജാക്കറ്റ് ധരിച്ചെത്തിയതിനെ തുടര്‍ന്നാണ് പുറത്താക്കല്‍. വാരണാസിയാലാണ് സംഭവം. മാധ്യമപ്രവര്‍ത്തകരെ പൊലീസുകാരും സംഘാടകരും ചേര്‍ന്ന് പരിപാടിയില്‍ നിന്നും പുറത്താക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിലുടെ പ്രചരിക്കുന്നുണ്ട്.

പരിപാടി നടക്കുന്ന സദസിലേക്ക് മാധ്യമപ്രവര്‍ത്തകന്‍ പ്രവേശിക്കാനൊരുങ്ങുമ്പോള്‍ ഒരു പൊലീസുകാരന്‍ തടഞ്ഞുനിര്‍ത്തുകയും കറുപ്പ് വസ്ത്രമിട്ട് അകത്ത് കടക്കാന്‍ അനുവദിക്കില്ലെന്ന് പറയുകയുമായിരുന്നു. എന്നാല്‍ ഇത് വസ്ത്രമാണെന്നും പ്രതിഷേധമല്ലെന്നും മാധ്യമപ്രവര്‍ത്തകന്‍ പറയാന്‍ ശ്രമിച്ചെങ്കിലും പൊലീസ് അതിന് അനുവദിച്ചില്ല. ഒരാളെ അതിന് അനുവദിച്ചാല്‍ എല്ലാവരും കറുപ്പ് വസ്ത്രം ധരിച്ച് കയറുമെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. വാദപ്രതിവാദങ്ങള്‍ക്കൊടുവില്‍ പൊലീസുകാരും സംഘാടകരും ചേര്‍ന്ന് മാധ്യമപ്രവര്‍ത്തകനേയും ക്യാമറാമാനേയും പുറത്താക്കുകയായിരുന്നു.

അതേസമയം യോഗി ആദിത്യനാഥ് പങ്കെടുക്കുന്ന പരിപാടിയില്‍ ആരും കരിങ്കൊടി കാണിക്കാതിരിക്കാന്‍ വേണ്ടിയാണ് ഇത്തരമൊരു നിയന്ത്രണം ഏര്‍പ്പെടുത്തിയതെന്ന് ബാലിയ എസ്.പി അനില്‍ കുമാര്‍ പറഞ്ഞു. യോഗി ആദിത്യനാഥ് പങ്കെടുക്കുന്ന പരിപാടിയില്‍ വ്യാപകമായി കരിങ്കൊടി പ്രയോഗം വന്നതോടെയാണ് ഇത്തരമൊരു നിയന്ത്രണം കൊണ്ടുവന്നതെന്നാണ് റിപ്പോര്‍ട്ട്. ജനങ്ങള്‍ എന്ത് ധരിക്കണമെന്ന് സര്‍ക്കാര്‍ തീരുമാനിക്കുന്ന ഘട്ടത്തിലേക്ക് കാര്യങ്ങള്‍ എത്തിച്ചേരുന്നതിനെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്.