നിര്‍ഭയ കേസ് പ്രതികള്‍ക്കെതിരെ പുറപ്പെടുവിച്ച മരണവാറണ്ട് ഡല്‍ഹി പാട്യാല ഹൗസ് കോടതി സ്‌റ്റേ ചെയ്തു. നാളെ വധശിക്ഷ ഉണ്ടാകില്ല. ഇനിയൊരു ഉത്തരവുണ്ടാകുന്നതുവരെ മരണവാറണ്ട് നടപ്പാക്കരുതെന്ന് ജഡ്ജി ധര്‍മ്മേന്ദ്ര റാണ നിര്‍ദേശിച്ചു.ജനുവരി 22-നും ഫെബ്രുവരി 1-നും മരണ വാറണ്ട് പുറപ്പെടുവിച്ചിരുന്നെങ്കിലും പ്രതികള്‍ വീണ്ടും ഹര്‍ജി സമര്‍പ്പിച്ചതിനെ തുടര്‍ന്നു റദ്ദാക്കിയിരുന്നു.
പവന്‍ ഗുപ്തയുടെ ഹര്‍ജി പരിഗണിച്ചാണ് ഉത്തരവ്. ദയാഹര്‍ജി രാഷ്ട്രപതിയുടെ പരിഗണനയിലാണെന്നും രാഷ്ട്രപതി അക്കാര്യത്തില്‍ തീരുമാനം എടുക്കാനിരിക്കുന്ന സാഹചര്യത്തില്‍ നാളെ വധശിക്ഷ നടപ്പാക്കരുതെന്ന് ആവശ്യപ്പെട്ടാണ് പവന്‍ ഗുപ്ത കോടതിയെ സമീപിച്ചത്.
അതേസമയം, നിര്‍ഭയ കേസിലെ പ്രതികളൊരാളായ പവന്‍ ഗുപ്തയുടെ ദയാഹര്‍ജി ഇന്ന് രാഷ്ട്രപതി തള്ളിയിരുന്നു. ഇയാളുടെ തിരുത്തല്‍ ഹര്‍ജി ഇന്ന് രാവിലെ സുപ്രീം കോടതിയും തള്ളിയിരുന്നു.
തന്റെ ഹര്‍ജിയില്‍ തുറന്ന കോടതിയില്‍ വാദം കേള്‍ക്കണമെന്നാണ് പവന്‍ ഗുപ്ത ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ ഈ ആവശ്യം ജസ്റ്റിസ് എം.വി രമണയുടെ ബെഞ്ച് അംഗീകരിച്ചില്ല. തുറന്ന കോടതിയില്‍ വാദം കേള്‍ക്കുന്നതിന് പകരം ചേംബറില്‍ വെച്ച് തന്നെ ഹര്‍ജി പരിഗണിച്ച് തള്ളിക്കളയുകയായിരുന്നു. കേസിലെ മറ്റു മൂന്നു പ്രതികളുടെയും ദയാഹര്‍ജി നേരത്തേ രാഷ്ട്രപതി തള്ളിയിരുന്നു. ദയാഹര്‍ജി തള്ളിയതിനെതിരെ മുകേഷും വിനയ് ശര്‍മയും കോടതിയെ സമീപിച്ചിരുന്നു. ഇതും തള്ളി.