രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ജൂണ്‍ 25 ഭരണഘടന ഹത്യ ദിനമായി ആചരിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ. സാമൂഹ്യ മാധ്യമമായ എക്‌സിലൂടെയാണ് അമിത്ഷാ ഇക്കാര്യം അറിയിച്ചത്. പ്രതിപക്ഷം കേന്ദ്ര സര്‍ക്കാരിനെതിരെ ഭരണഘടന ഉയര്‍ത്തി വിമര്‍ശനം ശക്തമാക്കുമ്പോഴാണ് നിര്‍ണായക നീക്കവുമായി കേന്ദ്ര സര്‍ക്കാര്‍ രംഗത്തെത്തുന്നത്.
1975 ജൂണ്‍ 25ന് ആയിരുന്നു രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. ഇന്ദിരാഗാന്ധിയായിരുന്നു അടിയന്തരാവസ്ഥ കാലത്ത് പ്രധാനമന്ത്രി. പ്രതിപക്ഷത്തിന് തിരിച്ചടിയെന്ന നിലയിലാണ് കേന്ദ്ര സര്‍ക്കാരിന്റെ നടപടിയെന്നാണ് വിലയിരുത്തല്‍. പ്രതിപക്ഷം ഭരണഘടന ഉയര്‍ത്തി പ്രതിഷേധിക്കുമ്പോള്‍ ഭരണഘടന ഹത്യ ദിനം ആചരിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ പദ്ധതി.
മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി സ്വേച്ഛാദിപത്യ മനോഭാവത്തോടെ 1975 ജൂണ്‍ 25ന് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ഭരണഘടനയുടെ ആത്മാവിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയും ചെയ്തു. ചെയ്യാത്ത തെറ്റിന് ലക്ഷക്കണക്കിന് ആളുകളെ അഴിക്കുള്ളിലാക്കുകയും മാധ്യമങ്ങളുടെ വായ മൂടി കെട്ടുകയും ചെയ്‌തെന്നും അമിത്ഷാ കുറിച്ചു.
ജൂണ്‍ 25 ഭരണഘടന ഹത്യ ദിനമായി ആചരിക്കുന്നത് സംബന്ധിച്ച ഗസറ്റഡ് വിജ്ഞാപനം പങ്കുവച്ചുകൊണ്ടായിരുന്നു അമിത്ഷായുടെ എക്‌സിലെ കുറിപ്പ്.