ജൂനിയർ ഡോക്ടറെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവം; രാജ്യമൊട്ടാകെ ഇന്ന് സമരത്തിന് ആഹ്വാനം ചെയ്ത സംഘടന, ഡോക്ടർമാരുടെ പ്രതിഷേധം ശക്തം

കൊൽക്കത്തയിൽ ജൂനിയർ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ ഡോക്ടർമാരുടെ പ്രതിഷേധം ശക്തം. ഇന്ന് രാജ്യമൊട്ടാകെ അടിയന്തര ചികിത്സകൾ ഒഴികെയുള്ള മറ്റു ചികിത്സകളിൽ നിന്ന് ഡോക്ടർമാർ വിട്ടു നിൽക്കുമെന്ന് ഫെഡറേഷൻ ഓഫ് റസിഡന്റ് ഡോക്ടേഴ്സ് അസോസിയേഷൻ (FORDA) പ്രഖ്യാപിച്ചിട്ടുണ്ട്.

അന്വേഷണം കേന്ദ്ര ഏജൻസികൾക്ക് വിടണമെന്ന് ആവശ്യപ്പെട്ട് ഡോക്ടർമാരുടെ സംഘടനകൾ ഇന്നലെ കേന്ദ്ര ആരോഗ്യ മന്ത്രി ജെപി നദ്ദയെ കണ്ടു. കേന്ദ്ര ഇടപെടലുണ്ടായില്ലെങ്കിൽ വരും ദിവസങ്ങളിൽ സമരത്തിന് ആഹ്വാനം ചെയ്യുമെന്ന് സംഘടനാ പ്രതിനിധികൾ വ്യക്തമാക്കി. പ്രതിഷേധം ശക്തമായതോടെ സംസ്ഥാന സർക്കാർ ആർജെ കർ മെഡിക്കൽ കോളേജ് സൂപ്രണ്ടിനെ സസ്പെൻഡ് ചെയ്തിട്ടുണ്ട്.

ചെസ്റ്റ് മെഡിസിൻ വിഭാഗത്തിലെ രണ്ടാം വർഷ പിജി ഡോക്ടറാണ് കൊല്ലപ്പെട്ടത്. കേസിൽ വോളണ്ടിയറായ സഞ്ജയ് റോയിയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. വെള്ളിയാഴ്ച രാവിലെ കൊൽക്കത്തയിലെ ആർജി കർ മെഡിക്കൽ കോളജ് ആശുപത്രിയിലെ സെമിനാർ ഹാളിലാണ് ഡോക്ടറുടെ മൃതദേഹം കണ്ടെത്തിയത്. ഡ്യൂട്ടിക്കിടെയായിരുന്നു കൊലപാതകം. രക്തത്തിൽ കുളിച്ച് അർധനഗ്നമായ അവസ്ഥയിലാണ് മൃതദേഹം കണ്ടെത്തിയത്. ലൈംഗികമായി പീഡിപ്പിക്കപ്പെട്ടെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നു. സ്വകാര്യ ഭാഗങ്ങളിലും ശരീരത്തിലെ മറ്റ് പല അവയവങ്ങളിലും മുറിവേറ്റിരുന്നു.

സ്വകാര്യ ഭാഗങ്ങളിൽ നിന്ന് രക്തമൊഴുകുന്ന നിലയിലും ശരീരത്തിലുടനീളം മുറിവുകളോടെയുമായിരുന്നു മൃതദേഹം കണ്ടെത്തിയത്. ഡോക്ടർ ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയായെന്ന് റിപ്പോർട്ടിൽ പറയുന്നു. കണ്ണിലും മുഖത്തും വയറിലും കഴുത്തിലും ഇരു കാലുകളിലും വലത് കയ്യിലും സാരമായ പരിക്കുകളാണ് ഡോക്ടർക്ക് ഏറ്റിട്ടുള്ളത്. കഴുത്തിലെ എല്ലുകൾ ഒടിഞ്ഞ നിലയിലായിരുന്നു. പുലർച്ചെ മൂന്നിനും ആറിനും ഇടയിലാണ് കൊലപാതകം നടന്നിട്ടുള്ളതെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു.

തുടർന്ന് പൊലീസ് അന്വേഷണം ആരംഭിച്ചു. ആശുപത്രിയിൽ സ്ഥാപിച്ചിട്ടുള്ള സിസിടിവി ക്യാമറകൾ പരിശോധിച്ച് സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടവരുടെ പട്ടിക തയ്യാറാക്കിയെങ്കിലും സെമിനാർ ഹാളിൽ സിസിടിവി ഇല്ലാത്തത് പൊലീസിന് വെല്ലുവിളിയായിരുന്നു. എന്നാൽ കൊല നടന്ന സ്ഥലത്തു നിന്ന് ലഭിച്ച ബ്ലൂടൂത്തിന്‍റെ ഭാഗം പ്രതിയെ കണ്ടെത്താൻ സഹായിച്ചു. ബ്ലൂടൂത്ത് ഹെഡ്‌ഫോൺ ഏത് ഫോണിലാണ് കണക്റ്റ് ആവുന്നതെന്ന് പരിശോധിച്ചതിലോടെയാണ് സഞ്ജയ് റോയിയെ കണ്ടെത്തിയത്. തുടർന്ന് ഇയാൾ സെമിനാർ ഹാളിന് പുറത്ത് കറങ്ങിനടക്കുന്ന ദൃശ്യങ്ങളും പൊലീസിന് ലഭിച്ചിരുന്നു.

പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തെങ്കിലും അന്വേഷണം തൃപ്തികരമല്ല എന്ന് ചൂണ്ടിക്കാട്ടിയാണ് ഡോക്ടർമാരുടെ പ്രതിഷേധം. ആശുപത്രി ഭരണ സമിതിയിൽ വൻ സ്വാധീനം പ്രതിക്കുണ്ടായിരുന്നു എന്ന് ഡോക്ടർമാർ ചൂണ്ടിക്കാട്ടി. സഞ്ജയ് റോയി നാല് തവണ വിവാഹം കഴിച്ചിരുന്നു. മൂന്ന് ഭാര്യമാരും ഇയാൾക്കെതിരെ പീഡന പരാതി ഉന്നയിച്ചിരുന്നു. ഇങ്ങനെ ക്രിമിനൽ പശ്ചാത്തലമുള്ള ഒരാളെ എങ്ങനെ ആശുപത്രിയിൽ നിയമിച്ചു എന്ന ചോദ്യമാണ് ഉയരുന്നത്. അതേസമയം പ്രതിക്ക് വധശിക്ഷ ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി മമത ബാനർജി പെൺകുട്ടിയുടെ മാതാപിതാക്കൾക്കും പ്രതിഷേധക്കാർക്കും ഉറപ്പ് നൽകിയിട്ടുണ്ട്.

Read more