ജസ്റ്റിസ് ലോയയുടെ ദുരൂഹമരണം; അമിത് ഷായ്ക്ക് നോട്ടീസ് അയക്കണമെന്ന് ആവശ്യം സുപ്രീംകോടതി തള്ളി

ജസ്റ്റിസ് ലോയയുട മരണവുമായി ബന്ധപ്പെട്ട കേസില്‍ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായ്ക്ക് നോട്ടീസ് അയക്കണമെന്ന് ഹര്‍ജിക്കാരുടെ ആവശ്യം സുപ്രീംകോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് തള്ളി. ജസ്റ്റിസിന്റെ മരണവുമായി ബന്ധപ്പെട്ട കേസുകള്‍ മാത്രമാണ് ഈ ബെഞ്ച് പരിഗണിക്കുന്നുള്ളുവെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.

സൊഹ്‌റാബുദ്ദീന്‍  ഷെയ്ഖ് വ്യാജ ഏറ്റുമുട്ടല്‍ കേസിന്റെ വിചാരണ വേളയിലാണ് ജസ്റ്റിസ് ലോയ മരിക്കുന്നത്. അന്ന് ഗുജറാത്ത് ആഭ്യന്തരമന്ത്രിയായിരുന്ന അമിത്ഷാ കേസില്‍ ആദ്യം പ്രതിപ്പട്ടികയില്‍ ഉണ്ടായിരുന്നെങ്കിലും പിന്നീട് ഒഴിവാക്കിയിരുന്നു. ജസ്റ്റിസ് ലോയയുടെ മരണവുമായി ബന്ധപ്പെട്ട രണ്ടു പൊതുതാല്‍പര്യ ഹര്‍ജികള്‍ ബോംബെ ഹൈക്കോടതിയില്‍ നിന്ന് സുപ്രീംകോടതിയിലേക്ക് മാറ്റണമെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര നേരത്തെ ആവശ്യപ്പെട്ടിരുന്നു.

ഈ ഹര്‍ജികളാണ് ഇപ്പോള്‍ സുപ്രീംകോടതി തള്ളിയിരിക്കുന്നത്. ഇടതുപക്ഷ അനുകൂല അഭിഭാഷക സംഘടന സമര്‍പ്പിച്ച ഹര്‍ജിയിലെ ആവശ്യമാണ് ചീഫ് ജസ്റ്റിസ് തള്ളിയിരിക്കുന്നത്. അഭിഭാഷകന് വാദങ്ങള്‍ ഉന്നയിക്കാമെന്നും, എന്നാല്‍ നോട്ടീസ് അയക്കുന്ന പ്രശ്‌നമില്ലെന്നും കോടതി വ്യക്തമാക്കി. കേസ് ഈ മാസം അഞ്ചിന് വീണ്ടും പരിഗണിക്കും.