ബിജെപി തമിഴ്നാട് സംസ്ഥാന പ്രസിഡന്റ് കെ അണ്ണാമലൈയും ഹിന്ദു സംഘടനാ നേതാക്കളെയും അറസ്റ്റ് ചെയ്ത് പൊലീസ്. അനുമതിയില്ലാതെ കരിദിന റാലി നടത്തിയതിനതെിരെയാണ് നടപടി. കോയമ്പത്തൂര്‍ ബോംബ് സ്ഫോടനക്കേസിലെ ഭീകരരെ സംസ്ഥാന സര്‍ക്കാര്‍ പിന്തുണയ്ക്കുന്നുവെന്ന് ആരോപിച്ച് നടത്തിയ കരിദിന റാലിയെ തുടര്‍ന്നായിരുന്നു അറസ്റ്റ്.
നിരോധിത സംഘടനയായ അല്‍-ഉമ്മ സ്ഥാപകന്‍ എസ്എ ബാഷയുടെ സംസ്‌കാര ഘോഷയാത്രയ്ക്ക് സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കിയത് ഹിന്ദു സംഘടനകളില്‍ നിന്ന് പ്രതിഷേധമുയര്‍ത്തിയിരുന്നു. 1998-ലെ ബോംബ് സ്ഫോടനക്കേസിലെ പ്രതികളിലൊരാളായ ബാഷ പരോളിലിരിക്കെ വാര്‍ദ്ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസം മരിക്കുകയായിരുന്നു.
1998 ഫെബ്രുവരി 14ന് കോയമ്പത്തൂരില്‍ ബോംബ് വച്ച് 58 പേരെ കൊലപ്പെടുത്തിയ തീവ്രവാദ പ്രവര്‍ത്തനത്തിന്റെ പ്രധാന സൂത്രധാരനായിരുന്നു ബാഷ. കോയമ്പത്തൂര്‍ നഗരത്തിന്റെ 12 കിലോമീറ്റര്‍ ചുറ്റളവില്‍ 12 സ്‌ഫോടനങ്ങളാണ് അന്ന് നടന്നത്.231 പേര്‍ക്ക് അന്ന് ഗുരുതരമായി പരിക്കേറ്റിരുന്നു.
എല്‍.കെ.അദ്വാനിയുടെ തിരഞ്ഞെടുപ്പ് യോഗത്തിനു മുന്നോടിയായിട്ടായിരുന്നു സ്ഫോടനങ്ങളെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തി. സ്ഫോടന പരമ്പരകള്‍ നടത്താന്‍ ക്രിമിനല്‍ ഗൂഢാലോചന നടത്തിയതിന് സ്ഫോടനത്തിന്റെ സൂത്രധാരനായ എസ്എ ബാഷ കുറ്റക്കാരനാണെന്ന് കണ്ടെത്തി.
മുഖ്യ സൂത്രധാരന്‍ ബാഷയ്ക്ക് ജീവപര്യന്തവും സഹായി മുഹമ്മദ് അന്‍സാരിക്ക് ഇരട്ട ജീവപര്യന്തവും ശിക്ഷയുമാണ് വിധിച്ചത്. എന്നാല്‍, ബിജെപിക്ക് റാലി നടത്താന്‍ അനുമതി നല്‍കിയില്ലെന്നും അതിനാലാണ് തടങ്കലിലാക്കിയതെന്നും പൊലീസ് വ്യക്തമാക്കി.