ഡൽഹി മദ്യനയ അഴിമതിക്കേസിൽ ബിആർഎസ് നേതാവ് കെ കവിത സിബിഐ കസ്റ്റഡിയിൽ. കെ കവിതയെ ചോദ്യം ചെയ്യാൻ അനുമതി തേടി സിബിഐ കോടതിയെ സമീപിച്ചിരുന്നു. കേസിൽ കവിതയുടെ മൊഴി രേഖപ്പെടുത്തേണ്ടതുണ്ടെന്ന് വ്യക്തമാക്കി സിബിഐ സമർപ്പിച്ച അപേക്ഷ ഡൽഹി കോടതി അംഗീകരിക്കുകയായിരുന്നു.
മദ്യനയ അഴിമതിക്കേസിൽ മുഖ്യപങ്ക് കെ കവിതയ്ക്കാണെന്ന് സിബിഐ വാദിച്ചു. കവിത എഎപിക്ക് പണം നൽകിയിട്ടുണ്ടെന്നും സിബിഐ കോടതിയിൽ വ്യക്തമാക്കി. കവിതയുടെ മൊഴി രേഖപ്പെടുത്തേണ്ടത് അത്യന്താപേക്ഷിതമാണെന്നും ഇതിനായി കെ കവിതയെ ചോദ്യം ചെയ്യണമെന്നുമാണ് സിബിഐ കോടതിയിൽ അറിയിച്ചത്.
തെലങ്കാന മുൻ മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവുവിൻ്റെ മകളും തെലങ്കാന ലെജിസ്ലേറ്റീവ് കൗൺസിൽ അംഗവും കൂടിയായ കെ കവിതയെ കഴിഞ്ഞ മാർച്ച് 15നാണ് ഹൈദരാബാദിലെ വസതിയിൽനിന്ന് ഇഡി അറസ്റ്റ് ചെയ്‌തത്. ഇതിനുശേഷം ഡൽഹിയിലെ റോസ് അവന്യു കോടതി കവിതയെ ഏഴു ദിവസത്തെ ഇഡി കസ്റ്റഡിയിൽ വിട്ടു. മാർച്ച് 23ന് കസ്റ്റഡി മൂന്നു ദിവസത്തേക്കുകൂടി നീട്ടിനൽകി. പിന്നീട് ഏപ്രിൽ ഒൻപതു വരെ കവിതയെ ജുഡിഷ്യൽ കസ്റ്റഡിയിൽ വിടുകയായിരുന്നു.
തിങ്കളാഴ്ച കവിതയുടെ ഇടക്കാല ജാമ്യാപേക്ഷയിൽ റൗസ് അവന്യൂ കോടതി വിധി പറയാനിരിക്കെയാണ് സിബിഐ നീക്കം. അതേസമയം കേസിൽ ആം ആദ്മി പാർട്ടി നേതാവ് സഞ്ജയ് സിംഗിന് കഴിഞ്ഞ ദിവസം ജാമ്യം ലഭിച്ചിരുന്നു. മദ്യനയ അഴിമതിക്കേസിൽ ഇഡി അറസ്റ്റ് ചെയ്ത സഞ്ജയ് സിങ് ആറു മാസമായി തിഹാർ ജയിലിൽ കഴിയുകയായിരുന്നു.