കമല്‍ഹാസന്‍ സമ്മതം മൂളി: വിദേശിയുമായുള്ള ശ്രുതി ഹാസന്റെ വിവാഹം ഉടന്‍

ഉലകനായകന്‍ കമല്‍ഹാസന്റെ മകള്‍ തെന്നിന്ത്യന്‍ താരം ശ്രുതി ഹാസന്‍ വിവാഹം കഴിക്കാന്‍ പോകുകയാണെന്ന് റിപ്പോര്‍ട്ടുകള്‍. ലണ്ടനില്‍ നാടകനടനായി പ്രവര്‍ത്തിക്കുന്ന മൈക്കിള്‍ കോര്‍സലെയെ വിവാഹം കഴിക്കാന്‍ കുടുംബം സമ്മതിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

തമിഴ് നടന്‍ ആദവ് കണ്ണദാസന്റെ വിവാഹത്തില്‍ ഇരുവരും പങ്കെടുക്കാനെത്തിയപ്പോഴുളള ഇരുവരുടേയും ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ തരംഗമായിരുന്നു. വിവാഹ ദിനത്തില്‍ പാരമ്പര്യത്തനിമയുളള വസ്ത്രമണിഞ്ഞാണ് ഇരുവരും എത്തിയത്. കസവ് മുണ്ടും ഷര്‍ട്ടുമായിരുന്നു മിഖായേലിന്റെ വേഷം. ശ്രുതിയാവട്ടെ ചുവന്ന നിറത്തിലുളള സാരിയണിഞ്ഞാണ് എത്തിയത്. കമല്‍ഹാസനും വിവാഹത്തില്‍ പങ്കെടുത്തിരുന്നു.

കമലിന്റെ സമ്മതത്തോടെയാണ് ശ്രുതിയും മൈക്കിള്‍ ഒരുമിച്ച് വിവാഹറിസപ്ഷനെത്തിയതെന്നാണ് വാര്‍ത്തകള്‍. നേരത്തെ ഇരുവരും ശ്രുതിയുടെ അമ്മ സരികയെ കണ്ടിരുന്നു.

മാസങ്ങള്‍ക്ക് മുന്‍പ് മുംബൈ് വിമാനത്താവളത്തില്‍ എത്തിയ മൈക്കിളിനെ സ്വീകരിക്കാന്‍ ശ്രുതി എത്തിയതോടെയാണ് പ്രണയവാര്‍ത്ത ചൂടുപിടിച്ചത്. ശ്രുതി അഭിനയിക്കുന്ന ചിത്രങ്ങളുടെ സെറ്റുകളിലും സിനിമാ പ്രചരണ പരിപാടികളിലും മൈക്കിള്‍ സ്ഥിരസാന്നിദ്ധ്യമായിരുന്നു. ഡ്രാമാ സെന്റര്‍ ലണ്ടനില്‍ നിന്ന് ബിരുദം നേടിയ മൈക്കിള്‍ വിവിധ തിയേറ്റര്‍ ഗ്രൂപ്പുകളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുകയാണ്.