മധ്യപ്രദേശില്‍ കോണ്‍ഗ്രസ് സര്‍ക്കാറിനെ അട്ടിമറിക്കാന്‍ ബിജെപി നീക്കം. കോണ്‍ഗ്രസ് എംഎല്‍എമാരെ പണവും പദവിയും വാഗ്ദാനം ചെയ്ത ബിജെപി നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി കമല്‍നാഥ്. കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്ക് പണവും പദവിയും നല്‍കി ചാക്കിട്ടു പിടിക്കാന്‍ നോക്കുകയാണ് ബിജെപിയെന്നും കമല്‍നാഥ് ആരോപിച്ചു. എന്നാല്‍ തന്റെ പാര്‍ട്ടിയുടെ എംഎല്‍എമാരില്‍ പൂര്‍ണവിശ്വാസമുണ്ടെന്ന് കമല്‍നാഥ് പറഞ്ഞു.
കമല്‍നാഥ് സര്‍ക്കാരിന് ഭൂരിപക്ഷം ഇല്ലെന്ന് ചൂണ്ടിക്കാട്ടിയും വിശ്വാസവോട്ട് തേടാന്‍ പ്രത്യേക നിയമസഭ സമ്മേളനം വിളിച്ചു ചേര്‍ക്കണമെന്ന് ആവശ്യപ്പെട്ടും കഴിഞ്ഞ ദിവസം ബിജെപി, ഗവര്‍ണര്‍ക്ക് കത്തു നല്‍കിയിരുന്നു. കേന്ദ്രത്തില്‍ എന്‍ഡിഎ സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വരുമെന്ന എക്സിറ്റ് പോള്‍ ഫലങ്ങള്‍ക്ക് പിന്നാലെയാണ് ബിജെപി മധ്യപ്രദേശ് സര്‍ക്കാരിന് എതിരായ നീക്കങ്ങളുമായി രംഗത്തെത്തിയത്. ഇതിന് പിന്നാലെയാണ് തുടര്‍ച്ചയായ രണ്ടാംദിവസവും ബിജെപി നേതൃത്വത്തിനെതിരെ കമല്‍നാഥ് കടന്നാക്രമിച്ചത്.
കോണ്‍ഗ്രസ് എംഎല്‍എമാരില്‍ തനിക്ക് പൂര്‍ണ വിശ്വാസമുണ്ടെന്നും കമല്‍നാഥ് പറഞ്ഞു. തങ്ങള്‍ക്ക് പണവും സ്ഥാനമാനങ്ങളും വാഗ്ദാനം ചെയ്തുളള ഫോണ്‍കോളുകള്‍ വന്നുവെന്ന് കുറഞ്ഞത് 10 എംഎല്‍എമാര്‍ തന്നോട് പറഞ്ഞതായും കമല്‍നാഥ് മാധ്യമങ്ങളോട് വെളിപ്പെടുത്തി.