പ്രശസ്ത കന്നഡ കവിയും നാടകകൃത്തും പുരോഗമനചിന്തകനും ആക്ടിവിസ്റ്റുമായ പ്രൊഫ. ചന്ദ്രശേഖര്‍ പാട്ടീല്‍ (82) അന്തരിച്ചു. ബെംഗളൂരുവിലെ ആശുപത്രിയില്‍ തിങ്കളാഴ്ച രാവിലെയായിരുന്നു അന്ത്യം. രണ്ടുവര്‍ഷമായി അസുഖ ബാധിതനായിരുന്നു.
സവര്‍ണ മേധാവിത്വത്തെയും വര്‍ഗീയതയെയും നിശിതമായി എതിര്‍ക്കുന്ന നിലപാടിലൂടെ അദ്ദേഹം ശ്രദ്ധ പിടിച്ചുപറ്റി. പുരോഗമന ചിന്തകനും എഴുത്തുകാരനുമായ എം.എം. കലബുര്‍ഗി കൊല ചെയ്യപ്പെട്ടപ്പോള്‍ കന്നഡയിലെ ഏറ്റവും വലിയ അവാര്‍ഡായ പമ്പ സാഹിത്യ പുരസ്‌കാരം തിരിച്ചു നല്‍കി പ്രതിഷേധിച്ചു.
ചമ്പ എന്ന തൂലികാ നാമത്തില്‍ അറിയപ്പെട്ട ചന്ദ്രശേഖര്‍ പാട്ടീല്‍ കന്നഡയിലെ പുരോഗമന സാഹിത്യത്തിന്റെ വക്താവാണ്. വ്യവസ്ഥാപിത മൂല്യങ്ങളെ ധിക്കരിക്കുന്ന, സാഹിത്യത്തിലെ ‘ബണ്ഡായ’ പ്രസ്ഥാനത്തിന് തുടക്കമിട്ടവരില്‍ ഒരാളാണ്. അടിയന്തരാവസ്ഥ കാലത്ത് ഇന്ദിരാ ഗാന്ധിയെ വിമര്‍ശിക്കുന്ന ‘ജഗദംബേയ ബിഡിനാടക’ എന്ന തെരുവുനാടകം അവതരിപ്പിച്ചതിന്റെ പേരില്‍ ജയിലിലായി. അര്‍ധ സത്യദ ഹുഡുഗി എന്ന കാവ്യഗ്രന്ഥത്തിന് 1989-ലെ കര്‍ണാടക സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചു.
ബനൂലി, ഗാന്ധി സ്മരണേ, ഹൂവു ഹെണ്ണു താരേ എന്നിവയടക്കം നിരവധി കവിതകളും കൊഡേഗള്ളൂ, അപ്പാ എന്നിങ്ങനെ അനവധി നാടകങ്ങളും രചിച്ചു. കര്‍ണാടക സര്‍വകലാശാലയില്‍ ഇംഗ്ലീഷ് പ്രൊഫസറായിരുന്നു. സംക്രമണ ജേണലിന്റെ എഡിറ്റര്‍, കന്നഡ ഡെവലപ്‌മെറ്റ് അതോറിറ്റി ചെയര്‍മാന്‍, കന്നഡ സാഹിത്യ അക്കാദമി പ്രസിഡന്റ് എന്നീ പദവികള്‍ വഹിച്ചു.
Read more
1939-ല്‍ ഹാവേരി ജില്ലയിലെ ഹട്ടിമത്തൂരില്‍ ജനിച്ച ചന്ദ്രശേഖര്‍ ധാര്‍വാഡിലെ കര്‍ണാടക സര്‍വകലാശാലയില്‍ ഇംഗ്ലീഷ് അധ്യാപകനായിരുന്നു. 1960-കളില്‍ കവിയെന്ന നിലയിലും നാടകകൃത്തായും ശ്രദ്ധനേടി. എഴുത്തുകാരി നീല പാട്ടീലാണ് ഭാര്യ. രണ്ടുമക്കളുണ്ട്.